
കോഴിക്കോട്: ഗവ. ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായ യുവാക്കളിലൊരാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചേവായൂർ സ്റ്റേഷനിലെ എ.എസ്.ഐ എം. സജി, സിവിൽ പൊലീസ് ഓഫീസർ ടി. ദിലീഷ് എന്നിവരെയാണ് സിറ്റി പൊലീസ് ചീഫ് എ.വി. ജോർജ്ജ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.
പ്രതി കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയെ (26) ഒന്നര മണിക്കൂറിനകം പിടികൂടിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നു പ്രകടമായ വീഴ്ചയുണ്ടായെന്നു കണ്ടെത്തിയിരുന്നു. അസി. കമ്മിഷണർ എ.ഉ മേഷിന്റെ അന്വേഷണ റിപ്പോർട്ട് വന്നതോടെയായിരുന്നു സസ്‌പെൻഷൻ.
അതേസമയം അറസ്റ്റിലായ യുവാക്കൾ നിരപരാധികളാണെന്നാണ് പെൺകുട്ടികൾ ആവർത്തിക്കുന്നത്. ഇവർക്കെതിരെ പൊലീസ് കള്ളക്കേസ് ചുമത്തിയതാണെന്നും കുട്ടികൾ പറയുന്നു. തിരികെയെത്തിച്ച ആറ് പെൺകുട്ടികളിൽ രണ്ടു പേരെ ഇന്നലെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.