 
മുക്കം: അപകടസാദ്ധ്യതയുള്ള കൊടുംവളവുകൾ നിലനിറുത്തിക്കൊണ്ടുള്ള സംസ്ഥാന പാത നവീകരണത്തിൽ ആശങ്കയുയരുന്നു. വളവുകൾ പരമാവധി ഒഴിവാക്കി, കയറ്റിറക്കം കുറച്ചായിരിക്കും റോഡുകളുടെ നവീകരണമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും വാഗ്ദാനത്തിനും വിരുദ്ധമായ പ്രവൃത്തിയാണ് നടക്കുന്നത്.
എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ തിരുവമ്പാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന എരഞ്ഞിമാവ് ഓമശ്ശേരി റീച്ചിലെ നവീകരണ പ്രവർത്തനങ്ങളിലാണ് വ്യാപകമായ പരാതികൾ ഉയരുന്നത്. 232 കോടി രൂപ ചെലവിലാണ് എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയുടെ 51.200കി.മീറ്റർ നവീകരിക്കുന്നത്.
ഇതിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലുൾപ്പെട്ട എരഞ്ഞിമാവിനും ഓമശ്ശേരിക്കും ഇടയിലുള്ള 13.7 കിലോമീറ്ററിനുള്ളിൽ തന്നെ നിരവധി വളവുകളാണുള്ളത്. മുത്തേരിക്കും അഗസ്ത്യൻമുഴിക്കും ഇടയിലുള്ള കാപ്പുമല വളവും നോർത്ത് കാരശ്ശേരിക്കും കറുത്ത പറമ്പിനും ഇടയിലുള്ള ഓടത്തെരുവ് വളവും എന്നിവിടങ്ങളിൽ വളവുകൾ നിവർത്താനും നടപടിയില്ല. ഇവിടെ ഒന്നര കിലോമീറ്ററിനുള്ളിൽ 6 വളവുകളുണ്ട്. ഓടത്തെരുവ് വളവിന്റെ നടുവിൽ ഒരു കലുങ്കും ഇരുവശങ്ങളിലും താഴ്ചയുമാണ്.അപകടങ്ങൾ പതിവായ ഓടത്തെരുവ് വളവുകളിൽ സംരക്ഷണ ഭിത്തി പോലും നിർമിക്കാതെയാണ് പ്രവൃത്തി നടക്കുന്നത്. നവീകരണ പ്രവൃത്തികൾ മൂലം റോഡിൽ വാഹനങ്ങളുടെ വേഗവും വർധിച്ചിട്ടുണ്ട്. ഇത് അപകടങ്ങൾ വർദ്ധിപ്പിക്കാനും കാരണമാകുകയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഉണ്ടായ വാഹനാപകടങ്ങളിൽ ഇവിടെ 5 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ആഴ്ചയിലും ഒരു കാർ 25 അടിയോളം താഴ്ചയിലേയ്ക്ക് വീണിരുന്നു. റീ ബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപെടുത്തി 15 മീറ്റർ വീതിയിൽ അത്യാധുനിക സൗകര്യത്തോടെ നിർമ്മിക്കുന്ന റോഡിൽ വളവ് നിവർത്തൽ,സേഫ്റ്റി സംവിധാനങ്ങൾ, സിഗ്നൽ ലൈറ്റുകൾ, മീഡിയൻ, ഫുട്പാത്ത് എന്നിവ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.
" അപകടത്തിനു കാരണമാവുന്ന ഓടത്തെരുവ് ഭാഗത്തെ വളവുകളിൽ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കും. അതിന് അധികതുക അനുവദിക്കേണ്ടി വരും. അതു സംബന്ധിച്ച് കെ.എസ്.ടി.പിയുമായും സംസ്ഥാന സർക്കാരുമായും ബന്ധപ്പെടും "ലിന്റോ ജോസഫ് എം.എൽ.എ
@കൊടും വളവുകൾ ഇവിടെ
മുത്തേരിക്കും അഗസ്ത്യൻമുഴിക്കും ഇടയിൽ കാപ്പുമല വളവ്
നോർത്ത് കാരശ്ശേരിക്കും കറുത്ത പറമ്പിനും ഇടയിൽ ഓടത്തെരുവ് വളവ്
232 കോടി രൂപ ചെലവിൽ
51.200കി.മീറ്റർ നവീകരണം