
കോഴിക്കോട്: മൂന്നാംതരംഗമുണ്ടാക്കിയ പ്രതിസന്ധി നേരിടാൻ കൊവിഡ് ബ്രിഗേഡുകളെ തിരിച്ചുവിളിച്ചെങ്കിലും ഡോക്ടർമാർ വന്നില്ല. ഡോക്ടർമാരെ ഉൾപ്പെടെ നിയമിക്കാനായിരുന്നു തീരുമാനം. എന്നാൽ അഭിമുഖത്തിന് എത്തിയത് മറ്റ് ജീവനക്കാർ മാത്രം. 40 നഴ്സുമാരെയും 40 ക്ലീനിംഗ് സ്റ്റാഫിനെയും ആറ് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെയുമാണ് ഇന്നലെ നിയമിച്ചത്.
താത്കാലിക അടിസ്ഥാനത്തിൽ നേരത്തെ കൊവിഡ് ബ്രിഗേഡ് വഴി ജോലി ചെയ്തവരെയാണ് അഭിമുഖത്തിന് ക്ഷണിച്ചിരുന്നതെങ്കിലും മറ്റുള്ളവരും അഭിമുഖത്തിനെത്തി. മാർച്ച് 31 വരെയാണ് നിയമനം.
കൊവിഡ് വ്യാപനം കുറഞ്ഞതോടെ കഴിഞ്ഞ ഒക്ടോബറിൽ കൊവിഡ് ബ്രിഗേഡിലെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്ന ഡെത്ത് കെയർ വിഭാഗത്തിൽ പ്രവർത്തിച്ചവരും പിരിച്ചുവിട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. കൊവിഡിന്റെ മൂന്നാം തരംഗത്തോടെ മെഡിക്കൽ കോളേജിലും അനുബന്ധ ആശുപത്രികളിലും ആവശ്യത്തിന് ശുചീകരണ തൊഴിലാളികൾ ഇല്ലാത്തത് പ്രതിസന്ധിയായതോടെയാണ് പുനർ നിയമനം.
മെഡിക്കൽ കോളേജിൽ കൂടുതൽപേരെ നിയമിക്കണമെന്നത് ഏറെ കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. കൊവിഡ് ബ്രിഗേഡ് ജീവനക്കാരെ പിരിച്ചുവിട്ടതോടെ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. രോഗികളെ പരിചരിക്കൽ, വാർഡുകൾ വൃത്തിയാക്കൽ, വാഹനത്തിൽ നിന്ന് രോഗികളെ ഇറക്കൽ, ഓപ്പറേഷൻ തീയറ്ററുകൾ അണുവിമുക്തമാക്കൽ എന്നിങ്ങനെയാണ് ജീവനക്കാരുടെ ജോലി. എം.സി.എച്ച് അത്യാഹിത വിഭാഗം, കൊവിഡ് ആശുപത്രി അത്യാഹിത വിഭാഗം എന്നിവയൊക്കെ കൈകാര്യം ചെയ്യേണ്ടതും ഇവരാണ്. ഡോക്ടർമാർ അടക്കം 250ലേറെ ജീവനക്കാരാണ് മൂന്നാം തരംഗത്തിൽ രോഗബാധിതരായത്.