സുൽത്താൻ ബത്തേരി: കാപ്പി കർഷകരിൽ നിന്ന് നിലവിലുള്ള വിപണി വിലയേക്കാൾ കിലോഗ്രാമിന് 10 രൂപ കൂടുതൽ നൽകി കാപ്പി സംഭരിക്കുന്നതിന് വിപണിയിൽ ഇടപെടാനുള്ള സർക്കാർ തീരുമാനത്തെ സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു.
വിപണിയിൽ ഇടപെടുന്ന തരത്തിലുള്ള പദ്ധതി വേണമെന്നത് ദീർഘകാലമായി അസോസിയേഷന്റെ ആവശ്യമായിരുന്നു. കാപ്പി കർഷകർക്ക് ഉൽപ്പാദന ചെലവിന്റെ അടിസ്ഥാനത്തിലുള്ള തറവില നിശ്ചയിച്ച് സർക്കാർ തന്നെ മുൻകൈയെടുത്ത് കാപ്പി സംഭരിക്കണമെന്ന് പതിറ്റാണ്ടുകളായി കാപ്പി കർഷകർ ആവശ്യപ്പെട്ടിരുന്നതാണ്. വിദേശനാണ്യം പോലും നേടിത്തരുന്ന കാപ്പി കൃഷിയെ സംരക്ഷിക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനും കോഫി ബോർഡും ഉചിതമായി പ്രവർത്തിച്ചിരുന്നില്ല. വൻകിടക്കാരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് ബോർഡ് ശ്രമിച്ചത്. ഇത് കാരണം ചെറുകിട കർഷകർ കാപ്പി കൃഷിയിൽ നിന്ന് പിന്നോട്ട് പോയി. വയനാട് ഇടുക്കി ജില്ലകളിൽ കാപ്പി ഉൽപ്പാദനവും കർഷകരുടെ എണ്ണവും ഓരോ കൊല്ലം ചെല്ലുന്തോറും കുറയുകയും ചെയ്തു. കോഫി ബോർഡിന്റെ നിയന്ത്രണത്തിൽ 1990 വരെ സംഭരണമുണ്ടായിരുന്ന സമയത്ത് കർഷകർക്ക് ന്യായവില ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ വിപണിയിൽ ഇടപെടാനും 10 രൂപ കിലോഗ്രാമിന് കൂടുതൽ നൽകാനും തീരുമാനിച്ച നടപടി രാജ്യത്ത് തന്നെ നല്ല മാതൃകയാണ്. എന്നാൽ പദ്ധതിക്ക് 50 ലക്ഷം രൂപ മാത്രം വകയിരുത്തിയാൽ പോരെന്നുംകാപ്പി ഉൽപ്പാദനത്തിന്റെ പ്രതീക്ഷിക്കുന്ന തോത് കണക്കാക്കി തുക വകയിരുത്തി മൊത്തം കാപ്പിയും സംഭരിക്കാൻ സർക്കാർ തീരുമാനിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് കെ.ജെ.ദേവസ്യ ആവശ്യപ്പെട്ടു.