dinesh-varmma

വൈക്കം : തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യമിട്ട് നൂതന വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്ക് ഒരുങ്ങി വൈക്കം വർമാസ് പബ്ലിക് സ്‌കൂൾ. മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈബ്രന്റ് എഡ്യുക്കേഷൻ കൂട്ടായ്മയുമായി ചേർന്നാണ് പുതിയ പരിഷ്‌കാരങ്ങൾ ആവിഷ്‌കരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിന്റെ കൂട്ടുകെട്ടും പദ്ധതിക്ക് ഒപ്പമുണ്ട്. ലോകത്താകമാനം 250 ഓളം സ്‌കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന വൈബ്രന്റ് എഡ്യൂക്കേഷന്റെ കേരളത്തിലെ ആദ്യ സംരംഭമാണ് വർമാസ് സ്‌കൂളിൽ നടപ്പാക്കുന്നത്.

യുവതലമുറയിലെ കുട്ടികളുടെ ചിന്തയെയും കഴിവുകളെയും കണ്ടെത്തി വാർത്തെടുക്കുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിദ്യാർഥികളുടെ ആശയ വിനിമയ ഭാഷാ പരിജ്ഞാനം, നൂതന ചിന്താ ശക്തി, പ്രശ്‌ന പരിഹാരം, നേതൃത്വ പാടവം, മനശാസ്ത്ര പരമായ ഉന്നമനം എന്നിവയാണ് ലക്ഷ്യം.

വർമാസ് സ്‌കൂൾ ചെയർമാൻ ദിനേഷ് വർമയും വൈബ്രന്റ് എഡ്യൂക്കേഷൻ സി ഇ ഒ സെന്തിൽ അണ്ണാമലയുമായി പദ്ധതി കരാർ ഒപ്പുവച്ചു. സംവിധായകൻ തരുൺ മൂർത്തി സിഡി പ്രകാശനം നടത്തി. ഡയറക്ടർ ധനലക്ഷ്മി സെന്തിൽ, വൈസ് പ്രസിഡന്റ് അരുൺ കുമാർ രാമദാസ്, സ്‌കൂൾ പ്രിൻസിപ്പൽ ആർ.രഞ്ജിത്ത്, എസ്.പി.സുജിത്ത്, ആദിത്യ ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.