chandhanakkudam

എരുമേലി: പ്രസിദ്ധമായ എരുമേലിയുടെ മതമൈത്രി നിറയുന്ന ഉത്സവമായ ചന്ദനക്കുട ആഘോഷത്തിന് കൊടിയേറ്റോടെ തുടക്കം. നൈനാർ ജുമാ മസ്ജിദിൽ ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എ. ഇർഷാദ് കൊടിയേറ്റ് നിർവഹിച്ചു. നാടിനെ മതമൈത്രിയിൽ പ്രശസ്തിയുടെ നെറുകയിൽ എത്തിച്ച അമ്പലപ്പുഴ ആലങ്ങാട്ട് പേട്ടതുള്ളലിനും തലേ ദിവസം രാത്രിയിൽ അരങ്ങേറുന്ന ചന്ദനക്കുടം ആഘോഷത്തിനും ഇനി 8 ദിവസം മാത്രം. ചന്ദനക്കുട ആഘോഷം പത്തിനും പേട്ടതുള്ളൽ പിറ്റേന്നുമാണ്.പത്തിന് നടക്കുന്ന ചന്ദനക്കുട ആഘോഷം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ശബരീശന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ആചാരങ്ങളോടെ ആദ്യം പേട്ടതുള്ളലും പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘം തുടർന്നും പേട്ടതുള്ളൽ നിർവഹിക്കും. ഇതിന്റെ ഐക്യദാർഢ്യമായാണ് തലേദിവസം രാത്രിയിൽ ചന്ദനക്കുട ആഘോഷം നടക്കുക.നൈനാർ ജുമാ മസ്ജിദിൽ നടന്ന കൊടിയേറ്റ് ചടങ്ങിൽ സി.എ.എം. കരീം, സി.യു. അബ്ദുൽ കരീം, വി.പി. അബ്ദുൽ കരീം, പി.എച്ച്. ഷാജഹാൻ, അൻസാരി പാടിക്കൽ, നിസാർ പ്ലാമൂട്ടിൽ, തുടങ്ങിയവർ പങ്കെടുത്തു.