
കൊക്കയാർ നിവാസികൾ സമരപ്പന്തലിൽ
അന്തിയുറങ്ങാൻ ഇടമില്ല
വാഗ്ദാനങ്ങൾ ഏറെയും പാഴായി
മുണ്ടക്കയം: തീരാത്ത വേദനയായി 2021 കടന്നുപോയിട്ടും തലചായ്ക്കാനൊരിടത്തിനായി കൊക്കയാർ നിവാസികൾ സമരപ്പന്തലിൽ തന്നെ. ഉരുൾപൊട്ടലുണ്ടായ കൊക്കയാറും മാക്കോച്ചിയും വാസയോഗ്യമല്ലെന്ന് അധികാരികൾ പറയുമ്പോൾ ഇനി എന്ത്ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഇവർ.
സുരക്ഷിതമായി അന്തി ഉറങ്ങാൻ ഒരിടത്തിനായി ഇന്നും പോരാടുകയാണിവർ ഒരു ജനത. ഒക്ടോബറിൽ ആർത്തിരമ്പിയെത്തിയ മഴക്കെടുതിയും ഉരുൾപൊട്ടലും കൊക്കയാറിൽനിന്നും കവർന്നത് എട്ടു ജീവനുകളാണ്. കൊക്കയാർ, പെരുവന്താനം മേഖലയിൽ 183 വീടുകൾ പൂർണമായും 591 വീടുകൾ ഭാഗികമായും തകർന്നു. ചെറുതും വലുതുമായ 49 പാലങ്ങൾ ഒഴുകിപ്പോയി. ദിവസങ്ങളോളം പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.
ഒരു രാത്രി വെളുത്തപ്പോൾ ഇത്രയേറെ നഷ്ടങ്ങൾ നേരിട്ട ഗ്രാമവാസികൾ ഇപ്പോഴും സമരപ്പന്തലിൽ തന്നെ കഴിയേണ്ടിവരുന്ന ദയനീയതയാണ് പുതുവർഷത്തെ എതിരേൽക്കുന്നതും. ദുരന്തഭൂമിയിൽ ഷെഡ് കെട്ടിയും ദുരന്ത ഭൂമിയിൽനിന്നും കൂട്ട പലായാനം നടത്തിയും നിരാഹരം നടത്തിയുമാണ് ആളുകൾ സമരം ചെയ്യുന്നത്.
പ്രളയ ബാധിതരെ അടിയന്തരമായി സഹായിക്കുക, ഭവന രഹിതരായവരെ പുനരധിവസിപ്പിക്കുക, പ്രളയത്തിൽ സ്ഥലം നഷ്ടപ്പെട്ടവർക്കു പകരം ഭൂമി നൽകുക, പുവഞ്ചി തൂക്കുപാലം പുനർനിർമിക്കുക, നാരകംപുഴ കുടിവെള്ള പദ്ധതി പുനഃസ്ഥാപിക്കുക, ദുരന്തമേഖലയിലെ ഭൂമിസംബന്ധിച്ച് വ്യക്തത വരുത്തുക, പുല്ലകയാറിന് ആഴം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രണ്ടാംഘട്ട സമരം ആരംഭിച്ചിരിക്കുന്നത്.
പുത്തൻ പ്രതീക്ഷകളോടെ നാടെങ്ങും പുതുവർഷത്തെ വരവേറ്റപ്പോൾ തലചായ്ക്കാനൊരിടത്തിനായി സമരപ്പന്തലിൽ കാത്തിരിക്കുകയാണിവർ. അധികാരികൾ കണ്ണുതുറന്നു സഹായിക്കണമെന്ന ഒറ്റ അപേക്ഷയെ ഇവർക്കുള്ളു.
പാറക്കല്ലിൽ
രക്തംപുരട്ടി....
സർക്കാരിന്റെ പുനരധിവാസ പദ്ധതികൾക്ക് കാലതാമസമെടുക്കുന്നതാണ് പ്രദേശവാസികളെ പ്രതിഷേധത്തിലേയ്ക്ക് തള്ളിവിടുന്നത്. ഒരുമാസമായി ദുരിതബാധിതർ പ്രതിഷേധ സമരത്തിലാണ്.കഴിഞ്ഞ ദിവസം സമരക്കാർ ദുരന്ത ഭൂമിയിലെത്തി അപകടസാദ്ധ്യതയോടെ നിൽക്കുന്ന പാറക്കല്ലുകൾ ഉരുട്ടിമാറ്റി അതിൽ തങ്ങളുടെ രക്തം പുരട്ടി വാ മൂടിക്കെട്ടി ജാഥയോടെയാണ് പ്രതിഷേധിച്ചത്.ഒക്ടോബർ പതിനാറിനാണ് കേരളത്തെത്തന്നെ ഞെട്ടിച്ച ഉരുൾപൊട്ടലുണ്ടായത്. ദുരന്തമുണ്ടായ ദിവസം മുതൽ ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെയാണ് ഇരുപത്തിമൂന്ന് കുടുംബങ്ങൾ കഴിയുന്നത്.