കോട്ടയം: കൂര്യൻ ഉതുപ്പ് റോഡിൽ ന ലോറി പാർക്കിംഗ് മൈതാനത്തോട് ചേർന്ന് ഫുട്പാത്തിൽ പ്രവർത്തിക്കുന്ന പുസ്തകക്കട കത്തിനശിച്ചത് സമീപത്തെ മാലിന്യശേഖരത്തിൽനിന്നും. വീടുകളിൽ നിന്നും പഞ്ചായത്തുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക്, ചെരുപ്പ്, തുടങ്ങിയ മാലിന്യങ്ങൾ ശേഖരിച്ച് വലിയ കെട്ടുകളാക്കി പാർക്കിംഗ് മൈതാനത്തിൽ കൊണ്ട് വന്ന് കൂട്ടി ഇട്ടിട്ടുണ്ട് അതിനുശേഷം ഇവിടെ നിന്ന് മാലിന്യസംസ്‌കരണത്തിനായി കൊണ്ടുപോകും എന്നാണ് നഗരസഭ പറഞ്ഞിരുന്നത്. മാലിന്യം മല പോലെ കുന്നുകൂടുന്നതല്ലാതെ ഇവിടെ നിന്ന് മാറ്റാൻ നഗരസഭ യാതൊരു മാർഗ്ഗവും സ്വീകരിച്ചില്ല. ചൂട് കൂടുന്നതിനാലും ബാർബർ ഷോപ്പുകളിൽ നിന്നുള്ള മാലിന്യം ധാരാളമുള്ളതിനാലും തീപിടിക്കാനുള്ള സാധ്യതയേറെയാണ്. 31 ന് രാത്രി 8.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. കത്തിയ കടയിൽ മുഴുവൻ മുടിയുടെ അംശമായിരുന്നു.. ക്രിസ്മസ് തലേന്ന് രാത്രിയും സമാന രീതിയിൽ മാലിന്യം കത്തിയിരുന്നെങ്കിലും എല്ലാവരുടേയും കൂട്ടായ പ്രവർത്തനം മൂലം തീകടയിലേക്ക് കയറി പിടിച്ചില്ല. നഗരസഭാധ്യക്ഷയും വാർഡ് കൗൺസിലർ സിൻസി പാറേലും സ്ഥലം സന്ദർശിച്ച് മാലിന്യം എത്രയും പെട്ടെന്ന് നീക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇനിയും നടപ്പിലായില്ല. വഴിവാണിഭക്കാരായതിനാൽ മറ്റ് ആനുകൂല്യങ്ങളൊന്നും തങ്ങൾക്ക് ലഭിക്കില്ലെന്നും കടയുടമ അനസ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങളാണ് കത്തി നശിച്ചത്.