നീലൂർ: പോക്‌സോ കേസിൽ എട്ട് വർഷം ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ കഴിയുന്ന പ്രതി വ്യാജമദ്യം വിറ്റതിന് മൂന്നു
മാസത്തിനിടെ മൂന്നാം തവണയും പിടിയിൽ.

അനധികൃത മദ്യവില്പന നടത്തിയ നീലൂർ വെട്ടുകാട്ടിൽ ബോസി മൈക്കിളിനെ (48) പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി. ആനന്ദരാജും പാർട്ടിയും ചേർന്നാണ് ഇന്നലെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് മൂന്നരലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. മദ്യം വിറ്റവകയിൽ 550 രൂപയും പിടിച്ചെടുത്തു.
മൂന്നാഴ്ച മുമ്പ് അഞ്ച് ലിറ്റർ വിദേശമദ്യവുമായി പാലാ എക്‌സൈസ് സർക്കിളും ഇദ്ദേഹത്തെ പിടികൂടിയിരുന്നു. മൂന്നുമാസം മുമ്പ് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് ഇയാളെ കുടുക്കുകയും അന്ന് റിമാന്റിൽ പോകുകയും ചെയ്തിരുന്നു.

പുറത്തിറങ്ങിയശേഷം വീണ്ടും അനധികൃത മദ്യവില്പന സജീവമാക്കുകയായിരുന്നു. മുമ്പ് ഒരു രാഷ്ട്രീയകക്ഷിയുടെ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ആയിരുന്നു.