monukumar

പാലാ: നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടാൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശി ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ. ഉത്തർപ്രദേശ്, ഗൊരഖ്പൂർ, ചാർഗ്‌വാൻ രപ്‌തിനഗർ ഫേസിൽ മോനുകുമാർ റാവത്തിനെയാണ് (25) പാലാ സി.ഐ കെ.പി, ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്.

2020 ജൂലായിലാണ് യുവാവും പാലാ സ്വദേശിയായ വീട്ടമ്മയും ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായത്. തുടർന്ന് മെസഞ്ചർ, വാട്‌സ്അപ്പ് എന്നിവയിലൂടെ നിരന്തരം ചാറ്റ് ചെയ്തിരുന്നു. അതിനിടെ യുവതിൽ നിന്ന് നഗ്‌നചിത്രങ്ങളും വീഡിയോയും ഇയാൾ കൈവശപ്പെടുത്തി. ഇത് പുറത്തുവിടാതിരിക്കണമെങ്കിൽ പണം നൽകണമെന്നായിരുന്നു ആവശ്യം. പണം സഹോദരിയുടെ വിവാഹത്തിനാണെന്നാണ് പറഞ്ഞത്.

 പണം നൽകിയില്ല, ചിത്രം പ്രചരിപ്പിച്ചു

പണം നൽകാതെ വന്നതോടെ മോനുകുമാർ ചിത്രങ്ങളും വീഡിയോയും 2021 ഏപ്രിൽ മുതൽ മെസഞ്ചറിലൂടെ പലർക്കും അയച്ചിരുന്നു. ഇതേ തുടർന്നാണ് വീട്ടമ്മ പാലാ പൊലീസിൽ പരാതി നൽകിയത്. വിദേശത്തായിരുന്ന പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഇയാളെ വിമാനത്താവള അധികൃതരും സുരക്ഷാ സേനയും ചേർന്ന് തടഞ്ഞുവച്ചു. പിന്നീട് പൊലീസെത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെ പാലായിലെത്തിച്ചു.