പാലാ: പാലാ ബൈപ്പാസിലെ കുപ്പിക്കഴുത്ത് പ്രശ്‌നം പരിഹരിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പായത് പാലാക്കാരുടെ വിജയമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.
എം എൽ എ ഓഫീസിൽ സംഘടിപ്പിച്ച പുതുവൽസരദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ നേട്ടങ്ങളും പാലായിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് . ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് താൻ ചെയ്യുന്നത്. ബൈപ്പാസിന്റെ നവീകരണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താത്പര്യമെടുത്തിരുന്നു. മന്ത്രിമാരുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. വികസനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല എന്നതാണ് തന്റെ കാഴ്ചപ്പാട്. പാലായുടെ വികസനമാകണം നമ്മുടെ ലക്ഷ്യമെന്നും എം എൽ എ ചൂണ്ടിക്കാട്ടി.
ടി വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. എം പി കൃഷ്ണൻനായർ, അപ്പച്ചൻ ചെമ്പൻകുളം, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, മൈക്കിൾ കാവുകാട്ട്, തങ്കച്ചൻ മണ്ണൂച്ചേരി, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേൽ, താഹ തലനാട് തുടങ്ങിയവർ സംസാരിച്ചു.