ശാന്തൻപാറ: ശാന്തമ്പാറയിൽ റവന്യൂ അനുമതിയില്ലാതെ നടത്തിയ നിർമ്മാണ പ്രവർത്തനം നിറുത്താനെത്തിയ റവന്യൂ സംഘത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞതായി പരാതി. റവന്യൂ ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേനയും പിടിച്ചെടുത്ത പണി സാധനങ്ങളും ബലമായി തിരിച്ചിറക്കി. സംഭവത്തിൽ റവന്യൂ അധികൃതർ പൊലീസിൽ പരാതി നൽകി. ശാന്തമ്പാറ വില്ലേജ് ഓഫീസിന് സമീപത്തായി ടൗണിനോട് ചേർന്ന് സ്വകാര്യ വ്യക്തി അനുമതി വാങ്ങാതെ നടത്തിയ നിർമ്മാണത്തിനെതിരെ റവന്യൂ വകുപ്പ് കഴിഞ്ഞ ഒക്ടോബർ 22ന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചും നിർമ്മാണം തുടരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യീ സംഘം ഇന്നലെ സ്ഥലത്തെത്തിയത്. നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന പണി സാധനങ്ങൾ പിടിച്ചെടുത്തു. മഹസർ തയ്യാറാക്കുന്നതിനിടയിൽ ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ. ഷൈന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഉദ്യോഗസ്ഥരെ തടയുകയും പിടിച്ചെടുത്ത സാധനങ്ങൾ തിരിച്ചിറക്കുകയുമായിരുന്നു. പൊലീസ് സ്റ്റേഷന് സമീപത്ത് തന്നെ നടന്ന സംഭവം നേരിട്ട് അറിയിച്ചിട്ടും പൊലീസ് ഇവിടേയ്ക്ക് എത്തിയില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് റവന്യൂ സംഘം മടങ്ങി. സംഭവത്തിൽ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
'ശാന്തൻപാറയിൽ വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിൽ അറ്റകുറ്റ പണികൾ നടത്തുന്നത് റവന്യൂ അധികൃതർ തടയുകയാണുണ്ടായത്. മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. "
- ടി.ജെ. ഷൈൻ (ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ്)