അടിമാലി: ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളിൽ ഒന്നായ ഇരുമ്പുപാലത്ത് പൊതു ശുചിമുറി ഇല്ലാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. ദിവസവും നിരവധിപ്പേർ വന്നു പോകുന്ന ഇടമെന്ന നിലയിൽ ശുചിമുറി സംവിധാനമൊരുക്കുന്ന കാര്യത്തിൽ വേഗത കൈവരിക്കണമെന്നാണ് ആവശ്യം. നിരവധി വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും ഇരുമ്പുപാലം ടൗണിൽ മാത്രമുണ്ട്. ടൗണിലെത്തുന്ന സ്ത്രീകളടക്കമുള്ളവർക്ക് ശുചിമുറി സംബന്ധമായ ആവശ്യങ്ങൾക്ക് ഇടമില്ലാത്തത് വലിയ ബുദ്ധിമുട്ടുയർത്തുന്നുണ്ട്. ടൗണിൽ ശുചിമുറി ഒരുങ്ങിയാൽ കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലൂടെയെത്തുന്ന വിനോദസഞ്ചാരികൾക്കുമത് പ്രയോജനകരമാകുമെന്നാണ് വാദം. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതടക്കമുള്ള ആവശ്യങ്ങൾക്കായി ഇരുമ്പുപാലത്തിന് സമീപമുള്ള ആദിവാസി മേഖലകളിൽ നിന്നടക്കം ആളുകൾ ഇരുമ്പുപാലം ടൗണിലെത്താറുണ്ട്. ആശുപത്രിയും ആരാധനാലയങ്ങളും ബാങ്കും ടൗണിൽ പ്രവർത്തിക്കുന്നു. ദിവസവും ടൗണിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണവും വലുതാണ്. മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളും ഭക്ഷണം കഴിക്കാനും മറ്റുമായി ഇരുമ്പുപാലം ടൗണിൽ ഇറങ്ങാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ച് ഇരുമ്പുപാലത്ത് ശുചിമുറി സംവിധാനമൊരുക്കുന്ന കാര്യത്തിൽ വേഗത കൈവരിക്കണമെന്നാണാവശ്യം.