police

പാലാ: രാത്രി വൈകി അയ്യമ്പാറയിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ പുതുവത്സരമാഘോഷിക്കാൻ ഒഴുകിയെത്തിയ യുവാക്കളുടെ സംഘത്തെ തുരത്തിയ പൊലീസ് പിന്നെ കേക്ക് മുറിച്ച് പുതുവത്സര ആശംസകൾ നേർന്ന് മടങ്ങി.
പത്തുമണി കഴിഞ്ഞുള്ള ആഘോഷങ്ങൾ കർശനമായി ഒഴിവാക്കിയ രാവിൽ ഇത് ലംഘിച്ച് കൂട്ടം കൂടിയ യുവാക്കളെ പിടികൂടാനെത്തിയതായിരുന്നു പാലാ ഡിവൈ.എസ്.പി. ഷാജു ജോസും സംഘവും. പൊലീസിനെ ദൂരെ നിന്നേ കണ്ട മാത്രയിൽ വന്ന ബൈക്കുകൾ പോലും ഉപേക്ഷിച്ച് കടന്ന്കളഞ്ഞു.
യുവാക്കൾ ഓടിയതോടെ ആളൊഴിഞ്ഞ അയ്യമ്പാറയിൽ പൊലീസ് മാത്രമായി അപ്പോൾ.സമയം 12.02. ഒപ്പമുണ്ടായിരുന്ന എല്ലാ സഹപ്രവർത്തകർക്കും ആ പാതിരാവിൽ ഡിവൈ.എസ്.പി. ഷാജു ജോസ് പുതുവത്സരാശംസകൾ നേർന്നു.

ഇതിനിടെ വീട്ടിലേയ്ക്ക് കേക്ക് വാങ്ങിയ പൊലീസുകാരൻ കേക്കെടുത്ത് പൊലീസ് ജീപ്പിന്റെ ബോണറ്റിൽ വച്ചു. പൊലീസുകാർ കൈയ്യടിച്ച് ഹാപ്പി ന്യൂ ഇയർ പറയവെ ഡിവൈ.എസ്.പി.കേക്ക് മുറിച്ചു. ഡിവൈ.എസ്.പി. സഹപ്രവർത്തകർക്ക് പാതി രാവിൽ കേക്ക് നൽകുന്ന ദൃശ്യം ഒരു പൊലീസുകാരൻ ഫോണിൽ പകർത്തി.തുടർന്ന് പൊലീസിലെ എല്ലാ സഹപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പുതുവത്സരാശംസകളായി ഈ ചിത്രം അയ്യമ്പാറയിലെത്തിയ പൊലീസുകാർ വാട്‌സാപ്പുകൾ വഴി അയച്ചു.അങ്ങനെ അസമയത്ത് പുതുവത്സരം ആഘോഷിക്കാനെത്തിയവരെ പിടികൂടാൻ പോയ പൊലീസ് പാതിരാത്രി അയ്യമ്പാറയിൽ നടത്തിയ ലളിതമായ പുതുവത്സര പരിപാടി നാട്ടിലാകെ വിശേഷവുമായി.