
ചങ്ങാനാശേരി: ചങ്ങനാശേരിയുടെയും കുട്ടനാടിന്റെയും സമഗ്രവികസനത്തിന് വിലങ്ങു തടിയായിരുന്ന കിടങ്ങറ കണ്ണാടി റോഡിലെ ഉയരം കുറഞ്ഞ കെ.സി പാലം പുനർനിർമ്മിക്കുന്നതിന് അനുമതിയായി. ഇത് സംബന്ധിച്ച് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവർക്ക് അഡ്വ.ജോബ്.മൈക്കിൾ എം.എൽ.എ നിവേദനങ്ങൾ നൽകുകയും നിരന്തരം ചർച്ച നടത്തിയതിന്റെയും ഭാഗമായമാണ് ടോക്കൺ പ്രൊവിഷൻ മാത്രം ഉണ്ടായിരുന്ന പദ്ധതിക്ക് നിർമ്മാണത്തിനായി 42 .33 കോടി രൂപ അനുവദിച്ചത്.ടൂറിസം വികസനത്തിനേക്കാൾ, പ്രളയകാലത്ത് കുട്ടനാട്ടിൽ കുടുങ്ങിക്കിന്ന പതിനായിരക്കണക്കിനു ജീവനുകൾ രക്ഷപ്പെടുത്തുന്നതിനും കെ.സി പാലം വിലങ്ങു തടിയായതോടെയാണ് പാലം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി. വെളിയനാട് പഞ്ചായത്തിലെ ഒമ്പത്,പത്ത് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിടങ്ങറ ചർച്ച് (കെ.സി) പാലമാണ് വഴിമുടക്കിയായിരുന്നത്.
കൂടുതൽ യാത്രാ ബോട്ടുകളും ഹൗസ് ബോട്ടുകളും കടന്നുവരുക എന്ന ലക്ഷ്യവുമായി അടുത്ത കാലത്ത് അഡ്വ.ജോബ്.മൈക്കിൾ എം.എൽ.എ യുടെ ശ്രമഫലമായി ചങ്ങനാശേരി ബോട്ടുജെട്ടിയുടെ പായലും പോളയും നീക്കം ചെയ്യുകയും ആഴം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ബോട്ടുജെട്ടി വികസന സമിതി പ്രസിഡന്റ് സോനു തോമസ് പതാലിൽ സമർപ്പിച്ച ഹർജ്ജിയിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പാലം പുനർനിർമ്മാണ ആവശ്യം പരിഗണിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ബോട്ട് യാത്ര ദുരിതം
2001ലാണ് കെ. സി പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. 20 അടി വീതിയും 50 മീറ്ററോളം മാത്രം നീളവുമുളള പാലത്തിനടിയിലൂടെയാണ് ചങ്ങനാശേരിയിലേക്കുളള യാത്രാബോട്ടുകൾ കടന്നുവരുന്നത്. ബോട്ടിന് കഷ്ടിച്ചു കടന്നു പോകാനുളള വീതി മാത്രമാണ് പാലത്തിന്റെ രണ്ടു സ്പാൻ തമ്മിലുളള അകലം. കൂടാതെ മുകളിൽ ക്യാബിനുളള ബോട്ടുകൾ ഈ പാലത്തിനടിയിലൂടെ കടന്നുവരാൻ പ്രയാസവുമായി. പലപ്പോഴും പാലത്തിന് താഴ്ഭാഗവുമായി തൊട്ടുരുമ്മി പോകണ്ട അവസ്ഥയാണ്. മഴ ശക്തമാകുകയും തോട്ടിലെ ജലനിരപ്പുയരുമ്പോൾബോട്ടുകൾ കടന്നുവരാൻ ഏറെ പ്രയാസമാണ്.
"പുതിയ പാലം നിർമിക്കുന്നതോടെ കുട്ടനാട്ടുകാർക്കും, ചങ്ങനാശേരിക്കാർക്കും ഏറെ ആശ്വാസകരമാകും. ചങ്ങനാശേരിയുടെ വികസനത്തിനും കഴിഞ്ഞ 20 വർഷമായി തടസ്സം നിന്ന പാലത്തിന്റെ പുനർനിർമാണം സമഗ്രവികസനത്തിന് നാഴികക്കല്ലാകുകയും ചങ്ങനാശേരിയുടെ വാണിജ്യ മേഖലയ്ക്കു പുത്തൻ ഉണർവുണ്ടാകുകയും ചെയ്യും"
അഡ്വ.ജോബ്.മൈക്കിൾ എം.എൽ.എ