veedu-1

തീ പടർന്നത് റബർ പുകപ്പുരയിൽ നിന്ന്

പാമ്പാടി: വീടിന് തീപിടിച്ചു. വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളൂർ പൊന്നപ്പൻ സിറ്റിയിൽ ആഞ്ഞിലിമൂട്ടിൽ ബേബി സദൻ വൈശാഖ് വർക്കി ജോർജിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. വാടകവീടിനോട് ചേർന്നുള്ള പുകപ്പുരയിൽ തൊഴിലാളി റബർ ഷീറ്റ് ഉണക്കാനിട്ടിരുന്നു. ഇതിൽ നിന്നാണ് തീപടർന്നത്. ആനത്താനം സ്വദേശി സൂസമ്മ ജോണിയും കുടുംബവുമാണ് വാടകവീട്ടിൽ താമസിക്കുന്നത്. സംഭവസമയത്ത് സൂസമ്മ കിടന്നുറങ്ങുകയായിരുന്നു. ശബ്ദം കേട്ട് വീട്ടമ്മ പുറത്തേയ്ക്ക്ഓടിയതിനാൽ വലിയ അപകടം ഒഴിവായി. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും ആളിപ്പടരുകയായിരുന്നു. തുടർന്ന് കോട്ടയം അഗ്നിശമന സേനയെ അറിയിക്കുകയും ഇവിടെ നിന്നും പാമ്പാടി അഗ്നിശമനസേനയെ അറിയിക്കുകയും ചെയ്തു. ഇരു സ്റ്റേഷനുകളിൽ നിന്നും രണ്ട് യൂണിറ്റ് സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. പഴയവീടായതിനാൽ മുക്കാൽ ഭാഗവും കത്തിനശിച്ചു. വീടിനുള്ളിലെ തുണികൾ, അലമാര, മേശ തുടങ്ങി വീട്ടുപകരണങ്ങളും സാധനങ്ങളും കത്തിനശിച്ചു. പുകപ്പുരയിലെ റബർ ഷീറ്റുകളും കത്തിനശിച്ചു. ഏകദേശം എൺപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സേനാംഗങ്ങൾ പറഞ്ഞു.