വൈക്കം: ജെ സി ബി യും ആംബുലൻസും കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. വൈക്കം സത്യഗ്രഹമെമ്മോറിയൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ വേണു (58) വിനാണ് പരിക്കേറ്റത്. കൈക്കും കാലിനും നെഞ്ചിനും സാരമായി പരിക്കേറ്റ വേണുവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം വൈക്കം ടി വി പുരം റൂട്ടിൽ പെരുമശേരി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പണിക്ക് കൊണ്ടുവന്ന ജെസി പണി കഴിഞ്ഞ് തിരിച്ചു കൊണ്ടുപോകാനായി നിരത്തിലേക്കിറക്കിയപ്പോൾ വൈക്കത്തു നിന്ന് ടി വി പുരം ഭാഗത്തേക്ക് വന്ന ആംബുലൻസുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. വൈക്കം പൊലിസ് മേൽനടപടി സ്വീകരിച്ചു.