
മുണ്ടക്കയം : കൊട്ടാരക്കര-ദിണ്ഡിക്കൽ ദേശീയപാതയിൽ മുപ്പത്തഞ്ചാംമൈൽ മുതൽ കുട്ടിക്കാനം വരെയുള്ള പാതയോരത്ത് കാട്ടുചെടികൾ വളർന്നതോടെ റോഡിൽ അപകട സാദ്ധ്യതയേറി
പാതയുടെ വശങ്ങളിൽ തഴച്ചു വളർന്നു നിൽക്കുന്ന കാട്ടുചെടികൾ വാഹന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിലുണ്ടായ മഹാമാരിയിൽ പാതയുടെ വശങ്ങളിൽ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും സംഭവിച്ചിട്ടുണ്ട്. കാട് വളർന്ന് റോഡിലേക്ക് നിൽക്കുന്നതിനാൽ പല സ്ഥലങ്ങളിലും ഇതു കാണാൻ കഴിയാതെ വാഹനയാത്രക്കാർ അപകടത്തിൽപ്പെടാൻ സാദ്ധ്യത വർധിപ്പിക്കുകയാണ്.
പാതയിലേക്കു കാട്ടുചെടികൾ കയറുന്നതിനൊപ്പമാണ് കാടുവെട്ടിയതിന്റെ കണക്കുകളും കയറുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിനു രൂപ ഇതിനായി ചെലവഴിച്ചു എന്നാണ് ദേശീയപാത വിഭാഗത്തിൽ നിന്നും ലഭിക്കുന്ന രേഖകൾ പറയുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 18 ലക്ഷത്തോളം രൂപ കാടുവെട്ടി തെളിയിക്കുന്നതിനു മാത്രം വിനിയോഗിച്ചെന്നാണ് ദേശീയപാത വിഭാഗത്തിന്റെ കണക്കുകളിലുള്ളത്.
റോഡിന്റെ പലസ്ഥലങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന കാലയളവിൽ പോലും കാട് വെട്ടിന്റെ പേരിൽ തുക വക മാറ്റിയിട്ടുണ്ട്. മണ്ണിടിഞ്ഞുവീണ് അപകടാവസ്ഥയിലായ റോഡിന്റെ വശങ്ങളിലെ നവീകരണപ്രവർത്തനങ്ങൾ നടത്താത്ത ദേശീയപാത വിഭാഗം അധികാരികളുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.