എലിക്കുളത്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല

പദ്ധതിക്കായി സർവ്വേ നടത്തിയത് പാഴായി

മന്ത്രിയുടെ വാഗ്ദാനവും പ്രാവർത്തികമായില്ല

പൊൻകുന്നം:എലിക്കുളം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കരിമ്പുകയം പദ്ധതിയുടെ കണക്ഷനുകൾ നൽകാൻ ഓരോ വീടുകളും സന്ദർശിച്ച് സർവ്വേ തുടങ്ങി.കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും ചേർന്ന് നടപ്പാക്കുന്ന ജൽജീവൻ മിഷനിലുൾപ്പെടുത്തി ജലഅതോറിറ്റിയുടെ കരിമ്പുകയം പദ്ധതിയിൽ നിന്ന് പഞ്ചായത്തിന്റെ സഹകരണത്തോടെ കുടിവെള്ളമെത്തിക്കുമെന്നാണ് പറയുന്നത്.
ഇത്തരം ഒരുപാട് സർവ്വേകൾ കണ്ടും വാഗ്ദാനങ്ങൾ കേട്ടും ശീലിച്ചപോയ എലിക്കുളംകാർക്ക് അവരുടെ വീടുകളിൽ നാളെ വെള്ളമെത്തുമെന്ന പ്രതീക്ഷയൊന്നുമില്ല.വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ അവസാനകാലത്ത് അന്ന് ജലവിഭവമന്ത്രിയായിരുന്ന എൻ.കെ.പ്രേമചന്ദ്രൻ ഒരു പദ്ധതിക്ക് കല്ലിട്ടുകൊണ്ട് കൂരാലിയിൽനാട്ടുകാർക്ക് പ്രതീക്ഷ നൽകിയ പ്രസംഗം നടത്തിയത് എലിക്കുളംകാർ ഇന്നും ഓർക്കുന്നു.കരിമ്പുകയം കുടിവെള്ളപദ്ധതി എലിക്കുളം പഞ്ചായത്തിലേക്കുകൂടി നീട്ടുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനചടങ്ങായിരുന്നു അത്.രണ്ടു വർഷത്തിനകം എലിക്കുളം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്നായിരുന്നു അന്ന് മന്ത്രി പറഞ്ഞത്.
വി.എസ് സർക്കാരിന് ശേഷം രണ്ടുസർക്കാരുകൾ കാലാവധി പൂർത്തിയാക്കി.ഇപ്പോൾ മൂന്നാമത്തെ സർക്കാരാണ് ഭരിക്കുന്നത്.നാലു സർക്കാരുകൾ കൈകാര്യംചെയ്തിട്ടും എലിക്കുളത്ത് കരിമ്പുകയത്തുനിന്ന് ഒരുതുള്ളി വെള്ളമെത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.അതുകൊണ്ട് എന്തു സർവ്വേ നടത്തിയാലും എലിക്കുളംകാർക്ക് പ്രതീക്ഷയൊന്നുമില്ല.പൈപ്പുവഴി വീടുകളിൽ വെള്ളമെത്തിയാൽ നല്ലത്.അധികാരികളുടെ വാക്കുകേട്ട് അതിനായി കാത്തിരിക്കുന്നില്ല.കുടിവെള്ളത്തിന് ഒഴിഞ്ഞപാത്രങ്ങളുമായുള്ള നെട്ടോട്ടം തുടരും.വെള്ളം വിലയ്ക്കുവാങ്ങാൻ ശേഷിയുള്ളവർ ടാങ്കർ ലോറികളെ ആശ്രയിക്കും.ഇനിയും വാഗ്ദാന പെരുമഴ നടത്തി എലിക്കുളംകാരെ പറ്റിക്കരുതേ എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.