
കോട്ടയം:കോടികൾ മുടക്കി ആധുനിക രീതിയിൽ അറവുശാല നിർമ്മിച്ചിട്ടുണ്ട്, പക്ഷെ നഗരമദ്ധ്യത്തിലെ അറവുശാല തുറക്കാതെ പൂട്ടിക്കിടക്കുന്നു. കോടിമതയിൽ മൂന്നു കോടി രൂപ മുടക്കി നിർമിച്ച ആറവുശാലയാണ് ഉദ്ഘാടനത്തിനുശേഷം അധികകാലം പ്രവർത്തിക്കാതെ നിലച്ചത്. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അനുമതി ലഭിക്കാത്തതുമൂലം അറവുശാലക്ക് പൂട്ടുവീഴുകയായിരുന്നു.ഇതോടെ ആധുനിക അറവ് ശാലയിലെ അത്യാധുനിക യന്ത്രങ്ങൾ കേടുപിടിച്ച് നാശത്തിന്റെ വക്കിലാണ്.
കോടിമത പച്ചക്കറിച്ചന്തക്കു സമീപം 30 സെന്റ് സ്ഥലത്താണ് നഗരസഭയുടെ അത്യാധുനിക അറവുശാല നിർമിച്ചിരിക്കുന്നത്. അത്യാധുനിക യന്ത്രസംവിധാനങ്ങളാണ് ഇവിടെ മാടുകളെ കൊന്ന് കശാപ്പ് ചെയ്യുന്നതായി സ്ഥാപിച്ചത്. വേദന അറിയിക്കാതെ ബോധരഹിതമാക്കി കശാപ്പ് ചെയ്യുക. ആന്തരികാവയവങ്ങൾ വെറ്റനററി ഡോക്ടറും ഹെൽത്ത് ഇൻസ്‌പെക്ടറും പരിശോധിക്കും. ഗുണമേന്മ ഉറപ്പുവരുത്തിയ മാംസം അറവുശാലയിൽ സ്റ്റാളുകളിൽ സ്ഥാപിച്ച് വിൽപ്പന നടത്തും. മാംസാവശിഷ്ടങ്ങളും മറ്റും തറയിൽ വീണ് മലിനമാകുന്ന അവസ്ഥ ഒഴിവാക്കാനുള്ള സംവിധാനം. മാലിന്യവെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതിന് ജനലശുദ്ധീകരണ പ്ലാന്റ് തുടങ്ങി നിരവധി അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയത്. എന്നാൽ, പൊല്യൂഷൻ കൺഡ്രോൾ ബോർഡിന്റെ ഉത്തരവ് ലഭിക്കാത്തതുമൂലമാണ് അടഞ്ഞുകിടക്കുന്നത്.
മൂന്നുകോടി മുടക്കിയിട്ടും....
നഗരത്തിലും സമീപ പ്രദേശങ്ങളിലും വഴിയോരങ്ങളിൽ അറവ്മാടുകളെ കശാപ്പ് ചെയ്ത് വിൽപ്പന നടക്കുകയാണ്. ഇറച്ചിയുടെ ഗുണമേൻമ ഉറപ്പാക്കുന്നതിനോ കശാപ്പുശാലയിൽ വേണ്ടുന്ന അത്യാവശ്യം സൗകര്യങ്ങളേ ഇവിടങ്ങളിലില്ല. ഇതിന് പരിഹാരമെന്ന നിലയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാടുകളെ കശാപ്പ് ചെയ്യാനും ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുമുള്ള സാഹചര്യങ്ങളുമാണ് മൂന്ന്കോടിമുടക്കി നിർമ്മിച്ച കോടിമതയിലെ അറവ്ശാല തുറക്കാതെവന്നതോടെ ഇല്ലാതായത്.
"പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ തുറക്കാനുള്ള നടപടി സ്വീകരിക്കും.അതിനായി അടുത്ത ദിവസം യോഗം ചേരും
ബിൻസി സെബാസ്റ്റ്യൻ
നഗരസഭാ അദ്ധ്യക്ഷ