ഏഴാച്ചേരി: പേട്ടകെട്ടിന് മുന്നോടിയായി പ്രസിദ്ധമായ ആലങ്ങാട്ട് സംഘം കാണിക്കിഴി സമർപ്പണത്തിനായി കാവിൻപുറം ഉമാമഹേശ്വര സന്നിധിയിൽ എത്തും. ശനിയാഴ്ച്ച രാവിലെ 8 ന് കാവിൻപുറം ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്ന സംഘത്തെ ദേവസ്വം ഭാരവാഹികൾ ചേർന്ന് സ്വീകരിക്കും.

അയ്യപ്പന്റെ ചൈതന്യമുള്ള ഗോളകയുമായി പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം നടത്തുന്ന രഥഘോഷയാത്രയിൽ സംഘം കാണിക്കിഴി സമർപ്പിക്കുന്ന ഏക ക്ഷേത്രമാണ് കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം. കാവിൻപുറത്ത് എത്തുന്നസംഘം ശരണമന്ത്രങ്ങളോടെ ശ്രീകോവിലിന് വലംവച്ച് കാണിക്കിഴി സോപാനത്തിങ്കൽ സമർപ്പിക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി വിശേഷാൽ പ്രസാദം ആലങ്ങാട്ട് സംഘത്തിന് സമർപ്പിക്കും.

ആലങ്ങാട്ട് സംഘം ആനയിച്ചുകൊണ്ടുവരുന്ന അയ്യപ്പ ചൈതന്യത്തിന് മുന്നിൽ ഭക്തർ നേരിട്ട് നീരാഞ്ജനം സമർപ്പിക്കുന്ന ഏക വഴിപാടും കാവിൻപുറം ക്ഷേത്രത്തിൽ മാത്രമേയുള്ളൂ. നാളികേരമുടച്ച് എള്ളുതിരിയിട്ട് ദീപം തെളിച്ച് ഭക്തർ നേരിട്ട് അയ്യപ്പന് നീരാഞ്ജനം ഉഴിയുകയാണിവിടെ. നടയിൽ പറവെയ്പ്പുമുണ്ട്.
അയ്യപ്പന് നേരിട്ട് പൂജ ചെയ്യാൻ ലഭിക്കുന്ന ഈ ഭാഗ്യാവസരത്തിനായി ദൂരെദിക്കിൽ നിന്നു പോലും ഭക്തർ കാവിൻപുറം ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്.

സമൂഹ നീരാജ്ഞന സമർപ്പണത്തിന് ശേഷം ആലങ്ങാട്ട് പ്രാതലും നടക്കും. സമൂഹപെരിയോൻ അമ്പാടത്ത് എ.കെ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അയ്യപ്പൻവിളക്ക് രഥഘോഷയാത്രയുമായി കാവിൻപുറം ക്ഷേത്രത്തിലെത്തുന്നത്.
വഴിമദ്ധ്യെ രാമപുരം പിഷാരുകോവിൽ, നെച്ചിപ്പൂഴൂർ ചിറക്കരക്കാവ്, പോണാട് ഭഗവതിക്ഷേത്രം, കിഴതടിയൂർ തൃക്കയിൽ ക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, ഇടയാറ്റ് ബാലഗണപതീക്ഷേത്രം, മീനച്ചിൽ വടക്കേക്കാവ് ഭഗവതിക്ഷേത്രം, പൂവരണി മഹാദേവക്ഷേത്രം, പൈക ചാമുണ്ഡേശ്വരി ക്ഷേത്രം, എലിക്കുളം ഭഗവതി ക്ഷേത്രം, ഇളങ്ങളും ശ്രീധർമ്മശാസ്ത്രാക്ഷേത്രം എന്നിവിടങ്ങളിലും ആലങ്ങാട്ട് സംഘം എത്തുന്നുണ്ട്.