ഗാന്ധിനഗർ: പാറമ്പുഴ ബത് ലേഹേം പള്ളിയുടെ നടയും വഴിയും കുരിശടിയും ജെസിബി ഉപയോഗിച്ച് തകർത്ത കേസിൽ ജെസിബി ഡ്രൈവർ അടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു. പാറമ്പുഴ സ്വദേശികളായ സുമേഷ് (41), ഷിബു സൈനുദ്ദീൻ (48), രാജീവ് (41), രാജു(51), ജെസിബി ഡ്രൈവർ സുനീഷ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. കഴിഞ്ഞ 28ന് അർധ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. 105 വർഷം പഴക്കമുള്ള പാറമ്പുഴ ബെത്‌ലഹേം പളളിയുടെ 60 നടയും വഴിയുമാണ് ജെസിബി ഉപയോഗിച്ച് തകർത്തത്. വഴി സംബന്ധിച്ച് കോടതിയിൽ ഉണ്ടായിരുന്ന കേസിൽ തങ്ങൾക്ക് അനുകൂലമായി വിധിയുണ്ടെന്ന വ്യാജേനയാണ് നടയും വഴിയും കുരിശടിയും തകർത്തത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് പള്ളി അധികൃതർ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തിയിരുന്നു. തുടർന്നാണ് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്.