
കോട്ടയം: ആശുപത്രിയുടെ പ്രവേശന കവാടം മുതൽ ഉപയോഗിക്കുന്ന സാധനങ്ങൾ വരെ എല്ലാം പ്രകൃതിയോട് ഇണങ്ങിയുള്ളത്. പ്രവേശനകവാടത്തിൽ ആശുപത്രിയിൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് ഹരിത സന്ദേശങ്ങൾ അടങ്ങിയ ബോർഡുകളാണ്. കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയാണ് ഹരിതകേരളം മിഷനുമായി ചേർന്ന് ഹരിതപ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കുന്നത്. ഒരു വർഷം മുൻപാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 75 സെന്റ് സ്ഥലത്താണ് ആശുപത്രി കെട്ടിടം സ്ഥിതിചെയ്യുന്നത്. ഹരിത കേരളം മിഷനുമായി ചേർന്ന് ആശുപത്രി വളപ്പിൽ മൂന്ന് സെന്റ് സ്ഥലത്ത് 200 ഇനം ഔഷധ സസ്യങ്ങൾ അടങ്ങിയ തോട്ടം, ഗ്രാബാഗിൽ പച്ചക്കറി തോട്ടം, അകമുറികൾ അലങ്കാരം ചെയ്യുന്ന പാഴ് വസ്തുക്കളിൽ തീർത്ത ബോട്ടിൽ ആർട്ട്, ശലഭോദ്യാനം, ഒ.പിയിൽ വിതരണം ചീട്ടിലും ഹരിത സന്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ മറ്റൊരു ആശുപത്രിയിലും കാണാൻ സാധിക്കാത്ത പച്ചപ്പും പരിസ്ഥിതിക്ക് ദോഷകരമാകാത്ത സാധന സാമഗ്രികൾ ഉപയോഗിക്കുന്നതുമാണ് ഇവിടുത്തെ പ്രത്യേകത.ആശുപത്രിയിലെ മറ്റ് മാലിന്യങ്ങൾ നഗരസഭ ശുചീകരണ വിഭാഗത്തിന്റെ നേതൃത്വത്തിലും ശേഖരിക്കുന്നുണ്ട്. ആശുപത്രി ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഹരിത ഓഫീസ് പുരസ്‌ക്കാരവും ആശുപത്രിക്ക് ലഭിച്ചിരുന്നു
മരുന്ന് സൂക്ഷിക്കാനും
സ്റ്റീൽപാത്രങ്ങൾ
ആശുപത്രിയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ പൂണ്ണമായും സ്റ്റീൽ ആണ്. മെഡിസിനുകൾ സൂക്ഷിക്കുന്നത് ഉൾപ്പെടെ ജീവനക്കാർ ആഹാരം കൊണ്ടു വരുന്ന പാത്രങ്ങൾ വരെ സ്റ്റീൽ ആണ് ഉപയോഗിക്കുന്നത്. ആശുപത്രി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് പേപ്പറിലും തുണിയിലും തീർത്ത വേസ്റ്റ് ബിന്നുകളാണ്.
ഉപയോഗ ശൂന്യമായ സൂചി ഉൾപ്പെടെയുള്ളവ മുൻപ് ആശുപത്രി വളപ്പിലെ കാട് പിടിച്ച പരിസരത്തും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയായിരുന്നു. ഇതിന് പരിഹാരമായി പാലക്കാട് കേന്ദ്രീകരിച്ചുള്ള ഇ- വേസ്റ്റ് മാനേജ്മൊണ് ബയോ മെഡിക്കൽ മാലിന്യശേഖരണം ചെയ്യുന്നത്. .
"പൂർണ്ണമായും പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗ്രോബാഗ് പച്ചക്കറി കൃഷി, ഉദ്യാനത്തിലും ഔഷധ തോട്ടത്തിലും ആളുകൾക്ക് വിശ്രമിക്കുന്നതിനും ഇരിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ക്രമീകരിക്കും. മറ്റ് പദ്ധതികൾ എല്ലാം നിർമ്മാണം പൂർത്തിയായതിനുശേഷം പുനരാരംഭിക്കും
ഡോ. അജിത്ത്
ആയുർവേദ ആശുപത്രി
ചീഫ് മെഡിക്കൽ ഓഫീസർ