
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിനെ റുമാറ്റിക്ക് ഹൃദ്രോഗ ചികിത്സയ്ക്കുള്ള സംസ്ഥാനത്തെ സർക്കാർ അംഗീകൃത സെന്ററാക്കി ഉയർത്താൻ ശുപാർശ ചെയ്യുമെന്ന് മന്ത്രി വി.എൻ വാസവൻ. റുമാറ്റിക് ഹാർട്ട് ക്ലബിന്റെ 24 ാമത് വാർഷിക സമ്മേളനവും ഹൃദയപുരസ്‌കാര ചടങ്ങും കോട്ടയം മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റുമാറ്റിക് ഹാർട്ട് ക്ലബ് ദേശീയ കോർഡിനേറ്റർ ഡോ. രാജൻ മാഞ്ഞൂരാൻ അദ്ധ്യക്ഷത വഹിച്ചു.
റുമാറ്റിക്ക് ഹൃദ്രോഗ നിയന്ത്രണത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നവർക്ക് മൂന്നു വർഷത്തിൽ ഒരിക്കൽ നൽകി വരുന്ന 2021 ലെ ഹൃദയപുരസ്‌കാരം കോട്ടയം മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗത്തിന് തുടക്കം കുറിച്ച ഡോ. ജോർജ് ജേക്കബിന് മന്ത്രി നൽകി. കഴിഞ്ഞ കാൽ നൂറ്റാണ്ടായി റൂമാറ്റിക്ക് ഹാർട്ട് ക്ലബ്ബിന്റ പരിപാടികൾക്ക് പിന്തുണ നൽകി വരുന്ന മന്ത്രി വി.എൻ. വാസവനെ സമ്മേളനത്തിൽ ആദരിച്ചു. ഡോ. പി.ജി.ആർ.പിള്ള പൊന്നാട അണിയിക്കുകയും മുൻ ഡി.എം.ഇ ഡോ.എൻ. സുദയകുമാർ പുരസ്‌കാരവും നൽകി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പി ജയകുമാർ മുഖ്യ പ്രഭാഷണവും റൂമാറ്റിക് ഹാർട്ട് ക്ലബ് വാർഷിക അവലോകനം ഡോ.എസ്. അബ്ദുൽഖാദറും നടത്തി. റൂമാറ്റിക്ക് ഹാർട്ട് ക്ലബ്ബ് സംസ്ഥാന കോർഡിനേറ്റർ ഡോ.വി.എൽ ജയപ്രകാശ് സ്വാഗതവും യു.സുനിൽ കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഹൃദയപരിശോധന ക്യാമ്പും, കുടുംബ സംഗമവും നടന്നു.