
വൈക്കം : വേമ്പനാട്ടു കായൽ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന ഗിന്നസ് റെക്കോർഡിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ജുവൽ മറിയം ബേസിൽ എന്ന കൊച്ചുമിടുക്കി. ചേർത്തല തവണക്കടവിൽ നിന്ന് വൈക്കം കോവിലകത്തുംകടവ് മാർക്കറ്റ് വരെ ഉള്ള ഏകദേശം നാലു കിലോമീറ്റർ ദൂരം എട്ടിന് രാവിലെ നീന്താനാണ് ഏഴു വയസ്സുകാരിയായ ജുവൽ മറിയം ബേസിൽ ഒരുങ്ങുന്നത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ചരിത്രത്തിൽ പോലും ഇത്രയും പ്രായം കുറഞ്ഞ പെൺകുട്ടി നാലു കിലോമീറ്ററോളം ദൂരം ആഴമേറിയ കായലിൽ നീന്തിയിട്ടില്ല. വേമ്പനാട്ടു കായലിൽ ചരിത്രം സൃഷ്ടിക്കാനായി തയ്യാറെടുക്കുന്ന ഈ മിടുക്കിക്കുട്ടി കോതമംഗലം കറുകിടം കൊടക്കപ്പറമ്പിൽ ബേസിൽ കെ വർഗീസിന്റെയും അഞ്ജലിയുടെയും രണ്ടാമത്തെ മകളാണ്. ബിജു തങ്കപ്പനാണ് കറുകിടം വിദ്യാ വികാസ് സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ജൂവലിന്റെ പരിശീലകൻ.