iratunada-rd-1


വെളിച്ചമില്ല, തെരുവ് നായകളുടെ ഇടത്താവളവുമായി

മണർകാട്: ഐരാറ്റുനടയിലെ അപകടവളവ് കാട് മൂടിയ നിലയിൽ. വടവാതൂർ മാധവൻപടിയ്ക്ക് സമീപമാണ് അപകട വളവ് സ്ഥിതി ചെയ്യുന്നത്. വഴിലൈറ്റുകൾ തെളിയാത്തതിനാൽ റോഡരികിൽ മാലിന്യ നിക്ഷേപവും തെരുവ് നായ ശല്യവും ഇഴജന്തുക്കളുടെ ശല്യവും വർദ്ധിക്കുന്നു. ശബരിമല ദേശീയപാത കൂടിയാണ് ഈ റോഡ്. അപകടവളവിൽ എതിർദിശയിൽ എത്തുന്ന വാഹനയാത്രികരുടെ കാഴ്ച്ച മറച്ചാണ് കാട് പടർന്നു നിൽക്കുന്നത്. റോഡിനോട് ചേർന്ന് തരിശു നിലംഉള്ളതിനാൽ വാഹനങ്ങളിൽ എത്തുന്നവർ മാലിന്യങ്ങൾ ഇവിടേയ്ക്ക് വലിച്ചെറിയുന്നതും പതിവാണ്.


അപകടവളവിൽ വാഹനങ്ങളുടെ അമിത വേഗതമൂലം ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഉണ്ടാകുന്നു. മുൻപ് വാഹനം ഇടിച്ചു തകർന്ന് വൈദ്യുതി പോസ്റ്റും റോഡിന്റെ ഒരു ഭാഗത്ത് കാട് മൂടിയ നിലയിലാണ്. റോഡിന്റെ ഒരു ഭാഗത്ത് മാത്രം ഓടയുണ്ടെങ്കിലും മൂടിയില്ല. ഇതും അപകടസാദ്ധ്യതയ്ക്ക് ഇടയാക്കുന്നു. വഴിലൈറ്റുകൾ തെളിയാത്തതും നിരീക്ഷണ കാമറകൾ ഇല്ലാത്തതും മാലിന്യം വലിച്ചെറിയുന്നതിനും സഹായകമാകുന്നു. രാത്രികാലങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ഇവിടെ തമ്പടിക്കുന്നതും ഇരുചക്രവാഹനയാത്രികരുടെ നേർക്ക് അക്രമണത്തിനായി എത്തുന്നതും പതിവ് കാഴ്ച്ചയാണ്. റോഡിന്റെ വശങ്ങൾ കാട് പിടിച്ചു കിടക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഇഴജന്തുക്കൾ റോഡിലേക്ക് ഇറങ്ങുന്നുണ്ട്. കാൽനടയാത്രികർക്കായി അപകടവളവിൽ നടപ്പാതയും ഇല്ല. റോഡിൽ വഴിവിളക്കുകൾ പുനസ്ഥാപിക്കുകയും കാട് നീക്കം ചെയ്യുകയും വേണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്. വർഷങ്ങൾക്ക് മുൻപ് റോഡിന്റെ ഒരുവശം ഇടിഞ്ഞു പോകുകയും നവീകരിക്കുകയും ചെയ്തിരുന്നു. റോഡിന് ഇരുവശത്തും സ്ഥലമുള്ളതിനാൽ, മാലിന്യ നിക്ഷേപം ഒഴിവാക്കുന്നതിന് ചെടികളും മറ്റും നട്ടുപ്പിടിക്കുകയും ചെയ്യുന്നതിലൂടെ വഴിയോര വിശ്രമ കേന്ദ്രമാക്കി മാറ്റാനും സാധിക്കും.