v-b-binu

സിഎെടിയു നിലപാടിനെതിരെ
എഐടിയുസിയുടെ രൂക്ഷ വിമർശനം

വൈക്കം: വൈക്കം റേഞ്ച് 4ാം ഗ്രൂപ്പിലെ 7 കള്ള് ഷാപ്പുകളിൽ കഴിഞ്ഞ ഒരു മാസത്തിൽ അധികമായി നടന്നുവരുന്ന പണിമുടക്ക് സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനും മദ്യ വ്യവസായ തൊഴിലാളി യൂണിയനും ആവശ്യപ്പെട്ടു.
ഏറ്റവും മിതവും ന്യായവുമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം തുടങ്ങിയത്. ക്ഷേമനിധി തുക എല്ലാ മാസവും 5ാം തീയതിക്കകം അടച്ച് തൊഴിലാളികളെ ബോദ്ധ്യപ്പെടുത്തുക, ഇഎസ്‌ഐ വിഹിതം കൃത്യമായി അടയ്ക്കുക, തൊഴിലാളി ജോലിയിൽ നിന്നും പിരിഞ്ഞാൽ ആ ഒഴിവിലേയ്ക്ക് പുതിയ ആളെ നിയമിക്കുക, തെങ്ങ് പാട്ടം ന്യായമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിന് ആധാരമായി ഉന്നയിച്ചിട്ടുള്ളത്..ഒരു ഷാപ്പു പോലും നേരാം വണ്ണം പ്രവർത്തിക്കുന്നില്ല. വ്യവസായം ആകെ തകർന്നിരിക്കുകയാണ്. ഈ സ്ഥിതി വിശേഷം കോൺട്രാക്ടറുടെ പിടിവാശി മൂലം ഉണ്ടായതാണ്. ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ് പലവട്ടം തീയതി നിശ്ചയിച്ചിട്ടും അവസാന നിമിഷം കോൺട്രാക്ടർ സ്വയം പിന്മാറുകയാണ്.

പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ച് പണിമുടക്ക് ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണം. അല്ലാത്ത പക്ഷം ലൈസൻസ് റദ്ദ് ചെയ്ത് പുനർലേലം നടത്തുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ബി ബിനു, ജനറൽ സെക്രട്ടറി ടി.എൻ രമേശൻ, മദ്യവ്യവസായ തൊഴിലാളി യൂണിയൻ താലൂക്ക് പ്രസിഡന്റ് കെ.കെ രാമഭദ്രൻ, വർക്കിങ് പ്രസിഡന്റ് ഡി രഞ്ജിത് കുമാർ എന്നിവർ ആവശ്യപ്പെട്ടു.

വ്യാജ മദ്യം ഒഴുകുന്നു

പാലക്കാടടക്കം ഈ ഗ്രൂപ്പിലെ ചെത്ത് തൊഴിലാളികൾ പണിമുടക്കിലാണ്. ഗ്രൂപ്പിലെ ഷാപ്പുകൾക്കു വേണ്ടി കള്ള് ഉത്പ്പാദിപ്പിക്കുന്നില്ല. പക്ഷേ ഷാപ്പുകളിലേക്ക് നിരന്തരം കള്ള് വന്നുകൊണ്ടിരിക്കുന്നു. ഇത് വ്യാജമദ്യമാണ്.

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നിന്നും കള്ള് കടത്താനുള്ള പെർമിറ്റും വ്യാജമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യാജപെർമിറ്റിന്റെ മറവിൽ വ്യാജക്കള്ള് ഇറക്കി വില്ക്കാൻ എക്‌സൈസും പൊലീസും

എല്ലാവിധ സഹായങ്ങളും സംരക്ഷണവും നൽകുന്നു.

സിഐടിയുവിന്റേത് വർഗ്ഗ വഞ്ചന


വൈക്കത്ത് ചെത്തു തൊഴിലാളിക്കുവേണ്ടിയും വില്പന തൊഴിലാളിക്കു വേണ്ടിയും മാസങ്ങൾ നീണ്ടു നിന്ന അനേകം സമരങ്ങൾ നടത്തിയിട്ടുള്ളത് എഐടിയുസി എന്ന മഹത്തായ പ്രസ്ഥാനമാണ്. ആ സമരങ്ങളിലെല്ലാം കോൺട്രാക്ടർമാരുടെ പക്ഷം ചേർന്ന് തൊഴിലാളി ദ്രോഹവും കരിങ്കാലിപണിയും നടത്തിയ ചരിത്രമെ സിഐടിയുവിനുള്ളു.
സമരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സിഐടിയു യൂണിയൻ ജനറൽ സെക്രട്ടറിയുമായി സംസാരിച്ചതാണ്. സമരം ആരംഭിച്ചതിനുശേഷവും അവരുമായി പലവട്ടം കൂടിയാലോചന നടത്തി. സമരം അന്യായമാണെന്ന് ഒരിക്കലും അവർ പറഞ്ഞിട്ടില്ല. അവരുമായി കൂടിയാലോചന നടത്തിയത് സമരത്തിൽ അവർ കൂടി പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കാനല്ല. സമരത്തിന് എതിരായി വരാതിരിക്കാനാണ്. എന്നാൽ അവർ പഠിച്ച പഴയപണിയാണ് ഈ സമരത്തിലും കോൺട്രാക്ടറുടെ പക്ഷം ചേർന്ന് അവർ സ്വീകരിക്കുന്നത്. ഒരു തൊഴിലാളി വർഗ്ഗപ്രസ്ഥാനത്തിന് ഒരിക്കലും ചേർന്നതല്ല.