ചങ്ങനാശ്ശേരി: ചെത്തിപ്പുഴ-ഇത്തിത്താനം-കോട്ടയം റൂട്ടില്‍ ചാലച്ചിറയ്ക്കും പുളിമൂടിനും ഇടയില്‍ റോഡിനോടു ചേര്‍ന്നുള്ള കുളത്തിന് ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിഇത് സംബന്ധിച്ച് അഡ്വ. ജോബ് മൈക്കിൾ എം.എല്‍.എക്കും .പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും ഇത്തിത്താനം വികസനസമിതി നിവേദനം നല്‍കി. പ്രസിഡന്റ് ഡോ. റൂബിള്‍ രാജ്, സെക്രട്ടറി പ്രസന്നന്‍ ഇത്തിത്താനം, ശിവപ്രസാദ് മണത്തുരുത്തി എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.ബിഎം, ബിസി നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തീകരിച്ചതോടുകൂടി അമിത വേഗതയിലാണ് ഈ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത്. ഈ പ്രദേശത്ത് ഒരേസമയം കുത്തനെയുള്ള ഇറക്കവുംകൊടും വളവുമാണുള്ളത്. ഇവിടെയാണ് അപകടാവസ്ഥയിലുള്ള പാറക്കുളം സ്ഥിതി ചെയ്യുന്നത്. റോഡരുകില്‍ സിഗ്‌നല്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. അമിതവേഗതയില്‍ എത്തുന്ന ടൂ വീലറുകള്‍ പലപ്പോഴും തിരിയാന്‍ കഴിയാതെ കുളത്തിനുസമീപം മറിഞ്ഞ് യാത്രക്കാര്‍ കഷ്ടിച്ച് രക്ഷപെടുകയാണ്. കുളത്തിനു സമീപം വെട്ടിയിട്ട തടികളുള്ളതുകൊണ്ടുമാത്രമാണ് പലപ്പോഴും വാഹനങ്ങള്‍ കുളത്തില്‍ വീഴാതെ രക്ഷപ്പെടുന്നത്. റോഡില്‍ നിന്നും ഒരു മീറ്റര്‍ വ്യത്യാസത്തിലാണ് തുറസ്സായ കുളം സ്ഥിതി ചെയ്യുന്നത്. റോഡരുകില്‍ പുല്ല് വളര്‍ന്നു നില്‍ക്കുന്നതുമൂലം ഇത് കുളമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍.
പല തവണ പൊതുമരാമത്ത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നിവേദനം നല്‍കാന്‍ ഇത്തിത്താനം വികസനസമിതി തീരുമാനിച്ചത്.