കോട്ടയം: കൊവിഡ് വ്യാപനം മൂലം രണ്ട് വർഷക്കാലം ഭീതിയുടെ മുൾമുനയിൽ നിർത്തിയ ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും പേരിലൊതുങ്ങി. പുതിയ വകഭേദങ്ങളായ ഒമിക്രോൺ, ഫ്‌ലോറോണ എന്നിവ വ്യാപിക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളുടെ സ്ഥാനം പിന്നോട്ട് പോകുന്ന സ്ഥിതിയാണ്. പൊതു സ്ഥലങ്ങളിലും ആൾക്കൂട്ടം ഉണ്ടാകുന്നയിടങ്ങളിലും എല്ലാം കൈകൾ സാനിറ്റൈസ് ചെയ്യുന്ന ശീലം ഇല്ലാതായി. മുഖാവരണം പേരിനു മാത്രമായി. പൊലീസ് നടപടികളും പിന്നോട്ട് വലിഞ്ഞു.
എ.ടി.എം കൗണ്ടർ, ബാങ്ക്, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ഓട്ടോ ടാക്‌സി, ബസുകൾ തുടങ്ങി പൊതുസ്ഥലങ്ങളിലും എല്ലായിടത്തും ഒരുപോലെ ഉപയോഗിച്ചിരുന്നതും എല്ലാവരുടെയും കൈവശം നിത്യജീവിതത്തിന്റെ ഭാഗമായി സൂക്ഷിച്ചിരുന്നതുമായ സാനിറ്റൈസറും, മാസ്‌കും നിലവിൽ അപ്രത്യക്ഷമായി തുടങ്ങി. ഓഫീസ് മുറികൾക്കകത്തും മാസ്‌ക് ധരിച്ചിരുന്നത് ഇപ്പോൾ പൊതു സ്ഥലങ്ങളിലും പരിപാടികളിലും മാത്രമായി ചുരുങ്ങി. യാതൊരു മുൻകരുതലും ഇല്ലാതെയാണ് പൊതുസ്ഥലങ്ങളിൽ ജനം എത്തുന്നത്. നിയന്ത്രണങ്ങളിൽ അയവു വന്നെങ്കിലും സ്വയം സുരക്ഷിതരാകാൻ ആളുകൾ തയ്യാറാകാത്തതും രോഗവ്യാപനത്തിന് ഇടയാക്കുന്നു. സാമൂഹികാകലം പാലിക്കൽ കാറ്റിൽ പറത്തിയ സ്ഥിതിയാണ്. ഇരട്ട മാസ്‌കിൽ നിന്നും ഒന്നിലേയ്ക്കും ഒരെണ്ണം ഉപയോഗിച്ചിരുന്നവർ ഉപയോഗിക്കാത്ത സ്ഥിതിയുമായി. പൊതു നിരത്തുകളിലും മൂടിയുള്ള ഹെൽമറ്റ് ധരിക്കുന്നവരും മാസ്‌ക് ധരിക്കാത്ത സ്ഥിതിയുമായി.
ബോധവത്ക്കരണം നിലച്ചു
സാനിറ്റൈസ് ചെയ്യുക, കൈകഴുക എന്നിവ പല സ്ഥലങ്ങളിലും അപ്രത്യക്ഷമായി. പലയിടങ്ങളിലും ഒഴിഞ്ഞ സാനിറ്റൈസർ ബോട്ടിലുകളും വെള്ളമില്ലാത്ത ടാങ്കുകളും പൈപ്പുകളുമാണ് ഉള്ളത്. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും പരിശോധകളും ബോധവൽക്കരണവും നിലച്ചു. സന്നദ്ധ സംഘടനകളുടെയും മറ്റും പ്രവർത്തനവും നിലച്ചു. ഭൂരിഭാഗം സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കാതെയും താടിയിൽ ധരിച്ചുമാണ് പലരും ജോലി ചെയ്യുന്നതും. ജനങ്ങൾക്കിടയിലെ ജാഗ്രതക്കുറവും രോഗവ്യാപന ഭീതിയുംമാറിയതും വാക്‌സിൻ എടുത്താൽ രോഗം ബാധിക്കില്ലെന്ന മിഥ്യാധാരണയും രോഗവ്യാപനത്തിന് ഇടയാക്കുന്നതായി അധികൃതർ പറയുന്നു.