
തലയാഴം : കുണ്ടും കുഴിയുമായ കാൽ നടയാത്ര പോലും ദുഷ്‌കരമായിരുന്ന തലയാഴത്തെ മൂന്നു റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തലയാഴത്തെ ഉൾപ്രദേശത്തെ പ്രധാന റോഡായ മോസ്‌കോ കൂവം റോഡ് നൂറു കണക്കിനു കുടുംബങ്ങൾക്കെന്നപോലെ കാർഷിക മേഖലയ്ക്കും ഏറെ ഉപകാരപ്രദമാണ്. എം .എൽ. എ ഫണ്ട്, ജില്ലാ , ഗ്രാമ പഞ്ചായത്ത് ഫണ്ട്, പ്രളയ ഫണ്ട് തുടങ്ങിയ ഫണ്ടുകളിലായി 60 ലക്ഷത്തോളം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിൽ എംഎൽഎ ഫണ്ടായ 20 ലക്ഷം രൂപയുടെ ടെണ്ടർ നടപടികളാണ് ഇനി പൂർത്തിയാകാനുള്ളത്. ടെണ്ടർ നടപടികൾ പൂർത്തിയാകുന്ന തോടെ മോസ്‌കോ റോഡിന്റെ കിഴക്കേ അറ്റമായ വനം ബ്ലോക്കിന്റെ തുടക്കം മുതൽ 1.75 കിലോമീറ്റർ ദൂരമാണ് റോഡ് ഗതാഗത യോഗ്യമാക്കേണ്ടത്. എന്നാൽ ഭാരവാഹനങ്ങൾ കൂടുതലായി പോകുന്ന റോഡിൽ സോളിംഗിനു പകരം മടമക്കിറക്കി മെറ്റലില്ലാതെ പാറപ്പൊടി കൊണ്ട് റോഡ് നിരപ്പാക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 60 ലക്ഷം രൂപ വിനിയോഗിച്ചു നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എസ്റ്റിമേറ്റിൽ പറഞ്ഞിരിക്കുന്ന വിധത്തിൽ നടന്നില്ലെങ്കിൽ റോഡ് നിർമ്മാണം പൂർത്തിയായി അധിക ദിവസങ്ങൾ കഴിയും മുമ്പ് തകരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. തലയാഴത്ത് മൂന്ന് മാസം മുമ്പ് പണി പൂർത്തിയായ പല റോഡുകളും ഇപ്പോൾ തകർന്നു തുടങ്ങിയതായി നാട്ടുകാർ കുറ്റപെടുത്തുന്നു. തലയാഴത്തെ ഉൾ പ്രദേശത്തെ തകർന്ന മൂന്ന് റോഡുകളുടെ പുനർ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരന്തരം നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് ജനപ്രതിനിധികളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനത്തിന്റ ഫലമായാണ് റോഡ് നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. റോഡ് നിർമ്മാണം കുറ്റമറ്റ രീതിയിൽ നടത്തിയില്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നതടക്കമുള്ള പ്രക്ഷോഭങ്ങൾ നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.