
## ഉദ്ഘാടകൻ എസ്.ആർ.പി ,സമ്മേളനത്തിൽ പിണറായിയും കോടിയേരിയുമുണ്ടാകില്ല
കോട്ടയം: നേതൃത്വത്തിനെതിരെ കാര്യമായ വിമർശനമില്ലാതുള്ള ബ്രാഞ്ച് ,ഏരിയ ,ലോക്കൽ സമ്മേളനങ്ങൾക്ക് ശേഷം സി.പി.എം ജില്ലാ സമ്മേളന ലഹരിയിലേക്ക് . പരിസ്ഥിതി സൗഹൃദമായ പ്രചാരണോപാധികളാണ് സമ്മേളനത്തിന് ഉപയോഗിക്കുന്നത് . നഗരത്തെ ചുവപ്പിൽ മുക്കുന്നതിന് പോസ്റ്ററും ബാനറും ബോർഡും കൊടിതോരണങ്ങളും ഉയർന്നു കഴിഞ്ഞു .
യു.ഡി.എഫ് കോട്ടയായ് അറിയപ്പെട്ടിരുന്ന കോട്ടയത്ത് തദ്ദേശ , നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുന്നേറ്റം നടത്തിയതിന്റെ നേട്ടവുമായ് 13 മുതൽ 15 വരെ മാമ്മൻ മാപ്പിള ഹാളിൽ ആണ് ജില്ലാ സമ്മേളനം ,. കേരളകോൺഗ്രസ് എംനെ യു.ഡി.എഫിൽ നിന്ന് ഇടതു മുന്നണിയിലെത്തിച്ച് മദ്ധ്യ കേരളത്തിൽ പാർട്ടിക്ക് സ്വാധീനം കൂട്ടിയതിന്റെ സൂത്രധാരകൻ മുൻ ജില്ലാ സെക്രട്ടറിയും കോട്ടയം ജില്ലക്കാരനായ ആദ്യത്തെ സി.പി.എം മന്ത്രിയുമായ വി.എൻ.വാസവനാണ്. ഇടതു മുന്നണിക്ക് തുടർ ഭരണം നേടിക്കൊടുത്ത രാഷ്ടീയ നിലപാട് ചർച്ചയാകാം.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല.
13ന് രാവിലെ മാമ്മൻ മാപ്പിള ഹാളിൽ പി.ബി അംഗം എസ്.രാമചന്ദ്രൻ പിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ പി.രാജീവ്, വി.എൻ.വാസവൻ , പാർട്ടി കേന്ദ്ര സംസ്ഥാന നേതാക്കളായ വൈക്കം വിശ്വൻ, തോമസ് ഐസക്ക്, എളമരം കരീം, എം.എം.മണി, കെ.ജെ.തോമസ്, എം.സി ജോസഫൈൻ, പി.കെ.ശ്രിമതി, തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനത്തിന് മുന്നോടിയായുള്ള കലാ, കായിക,സാഹിത്യ മത്സരങ്ങളും , സാംസ്കാരി ക സെമിനാറുകളു ആരംഭിച്ചു.
# ജാഗ്രത കുറവ്
തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചില നേതാക്കളുടെ ഭാഗത്തു നിന്ന് ജാഗ്രത കുറവുണ്ടായെന്ന വിമർശനമേ പൊതുവേ ഉയർന്നിട്ടുള്ളൂ. പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ ജോസ് കെ മാണി. സ്റ്റീഫൻ ജോർജ് എന്നിവരുടെ തോൽവി സംബന്ധിച്ച കമ്മീഷൻ റിപ്പോർട്ട് ചർച്ചയായേക്കും. പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളിൽ കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ ഭൂരിപക്ഷം കുറക്കാനായെങ്കിലും വിജയിക്കാൻ കഴിയാതെ പോയത് ചർച്ചയാകാം. ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ പിന്തുണയോടെ അവിശ്വാസ പ്രമേയം കൊണ്ടു വന്നു പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ പ്രാദേശിക നേതാക്കളെ തരം താഴ്ത്തിയത് ചർച്ചയാകാം. ഡോ.സിന്ധുമോൾ ജേക്കബ് കുമരകം മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ തുടങ്ങിയവർ പാർട്ടി വിട്ടു പോയ സാഹചര്യവും പ്രാദേശിക തലത്തിൽ സി.പി.ഐ,,ബി.ജെ.പി പാർട്ടികളിലേക്കുള്ള ഒഴുക്കും ചില ലോക്കൽ കമ്മിറ്റികളിൽ മത്സരം നടന്നതും ചർച്ചയാകാം.
##
ജില്ലയിലെ പ്രമുഖ വ്യവസായ സ്ഥാപനമായിരുന്ന വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി ,സർക്കാർ ഉടമസ്ഥതയിൽ പുതിയ കമ്പനിയായ് തുറന്നതും കോട്ടയം സ്പിന്നിംഗ് മിൽ പ്രവർത്തനമാരംഭിച്ചതും സിയാൽ മോഡൽ റബർ ഫാക്ടറി വെള്ളൂരിൽ വരുന്നതും നാട്ടകം സിമന്റ്സിനെ രക്ഷിക്കാനുള്ള പദ്ധതികളും ഇടതു ഭരണ നേട്ടമായി. ചർച്ചയിൽ വരാം.
###
ജില്ലാ സെക്രട്ടറിയായി എ.വി.റസൽ തുടരാം
ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ഒന്നു രണ്ട് മുതിർന്നവരെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് പ്രാതിനിത്യം നൽകാം
കൊവിഡ് നിയന്ത്രണത്താൽ പ്രതിനിധികൾ 270ൽ നിന്ന് 200 ആയി
അവസാന ദിവസം പ്രകടനം ഉണ്ടാകില്ല
## ഇടതു സർക്കാരിന്റെ പ്രവർത്തനം കൂടുതൽ ജനങ്ങളിൽ എത്തിക്കാനും പാർട്ടി പ്രവർത്തനം കൂടുതൽ മേഖലകളിൽ എത്തിക്കാനുള്ള ചർച്ചകൾ ഉണ്ടാകാം.
എ.വി.റസൽ
ജില്ലാ സെക്രട്ടറി