
വൈക്കം : വർഷങ്ങളായി തരിശുകിടന്ന വൈക്കം തലയാഴം മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിൽ നടത്തിയ നെൽകൃഷിയിൽ മികച്ച വിളവ്.30ഏക്കർ വരുന്ന പാടശേഖരത്തിൽ പരിമിതികളെ അതിജീവിച്ചാണ് കർഷകർ ജില്ലാ , ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടെ കൃഷിയിറക്കിയത്. അര ഏക്കർ മുതൽ നിലമുള്ള 28 ഓളം കർഷകരാണിവടെയുള്ളത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽപ്പെടുത്തി പെട്ടിയും പറയും മോട്ടോർ തറയും പാടശേഖരത്തിൽ സജ്ജമാക്കിയിട്ടുണ്ട്. തരിശുപാടശേഖരത്തിലെ ജലസേചനം കാര്യക്ഷമമാൻ തലയാഴം പഞ്ചായത്തിന്റെ സഹായത്തോടെ കുഴലുകൾ സ്ഥാപിച്ചതു കൃഷിയിറക്കാൻ ഏറെ സഹായകരമായി. മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിൽ കൃഷി നട്ടതോടെ പാടശേഖരത്തിനു നടുവിൽ താമസിക്കുന്ന രാജീവ് ഗാന്ധി, പണാമിടം കോളനികളിലെയടക്കം നൂറോളം കുടുംബങ്ങളുടെ വെള്ളപ്പൊക്ക ദുരിതത്തിനും അറുതിയായി. നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് നിർവ്വഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനിസലി, തലയാഴം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ രമേഷ് പി. ദാസ് , ബി.എൽ. സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാതമധു , പഞ്ചായത്ത് അംഗം പ്രിജു, പാടശേഖര സമിതി പ്രസിഡന്റ് തങ്കപ്പൻനായർ സി.പി.ഇല്ലത്തു പറമ്പിൽ , സെക്രട്ടറി മനോജ് ലൂക്ക് , റോജൻ പി.ജോൺ പട്ടേരിൽ ,മിൽട്ടൻ ലൂക്ക് , ഗോപി ആതിരഭവൻ, ദേവരാജൻ, ഭാസ്‌കരൻ തുടങ്ങിയവർ സംബന്ധിച്ചു.