ambady

പാലാ: നാടാകെ സ്‌നേഹത്തിന്റെ പാളമിട്ട എഴുത്തുകാരൻ അമ്പാടി ബാലകൃഷ്ണൻ നാട്ടുകാർക്കും പരിചയക്കാർക്കുമെല്ലാം 'അമ്പാടിച്ചേട്ട 'നായിരുന്നു. റെയിൽവേ സ്റ്റേഷൻ മാസ്റ്ററായുള്ള ഔദ്യോഗിക തിരക്കുകൾക്കിടയിലും കേരളത്തിലെവിടെയുമുള്ള സാഹിത്യ സദസ്സുകളിലും നാട്ടിലെ ആഘോഷവേദികളിലും അമ്പാടിച്ചേട്ടൻ നിറഞ്ഞുനിന്നു. ഇന്നലെ 85ാം വയസ്സിൽ വിടപറയും വരെ അമ്പാടിച്ചേട്ടന്റെ സ്‌നേഹന്വേഷണങ്ങൾ ഇടയ്ക്കിടെ അടുപ്പക്കാരിലേയ്‌ക്കെല്ലാം എത്തിയിരുന്നു.

ഏഴാച്ചേരി പുലിതൂക്കിൽ കുടുംബാംഗമായ ബാലകൃഷ്ണൻ നായർ എന്ന അമ്പാടി ബാലകൃഷ്ണൻ
റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരിക്കെ നിരന്തരം റേഡിയോ നാടകങ്ങൾ എഴുതി. പലതും സംവിധാനം ചെയ്തു.

ഏഴ് പതിറ്റാണ്ട് മുമ്പ് ഏഴാച്ചേരി നാഷണൽ ലൈബ്രറിയുടെ സജീവ പ്രവർത്തകനായിരുന്ന ബാലകൃഷ്ണൻ അക്കാലത്ത് ലൈബ്രറി പ്രസിദ്ധീകരിച്ചിരുന്ന 'ചന്ദ്രിക' എന്ന കയ്യെഴുത്ത് മാസികയുടെ മുഖ്യശില്പിയായിരുന്നു.

റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ആയി വിരമിച്ച ശേഷം പ്രകൃതി ചികിത്സയിൽ ഡിപ്ലോമാ എടുത്തു. പിന്നീട് യോഗയിലും പ്രാവീണ്യം നേടി. നിരവധി പേർക്ക് യോഗാ ക്ലാസുകൾ പരിശീലിപ്പിച്ചുകൊടുത്തു.

പാലാ സഹൃദയ സമിതിയുടെ സജീവ അംഗമായിരുന്നു. മരണപത്രം, ശില്പി, പ്രത്യായനം, ഹിമാദ്രി തുംഗ ശ്രുംഗം, പ്രവാചകൻ എന്നിവയാണ് പ്രധാന കൃതികൾ. അടുത്തിടെ റെയിൽവേ സർവ്വീസ് കാല അനുഭവങ്ങൾ ആസ്പദമാക്കി രചിച്ച 'കരിമഷിക്കോലങ്ങൾ ' എന്ന നോവൽ സാഹിത്യ പ്രവർത്തക സഹകരണസംഘമാണ് പ്രസിദ്ധീകരിച്ചത്.