
കോട്ടയം: മാങ്ങാനം ചൈൽഡ് ലൈനിന്റെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ നാലു പെൺകുട്ടികളെയും കണ്ടെത്തി. നാൽവർ സംഘം ഒളിച്ചിരുന്നത് സെന്ററിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ. തിങ്കളാഴ്ച്ച വൈകിട്ട് ഏഴിനു ശേഷമാണ് 13 വയസുള്ള രണ്ടു പെൺകുട്ടികളെയും 14 വയസുള്ള ഒരു പെൺകുട്ടിയെയും ഒരു പതിനേഴുകാരിയെയും കാണാതായത്. വിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് സി.ഐയും സംഘവും സ്ഥലത്തെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. രാത്രി വൈകിയും പൊലീസ് കുട്ടികൾക്കായി തെരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച്ച ഇവർ സെന്റ്റിൽ നിന്നും പുറത്തേക്ക് പോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. രാത്രികാല പട്രോളിംഗ് സംഘമാണ് ചൊവ്വാഴ്ച്ച പുലർച്ചെ 12.30 ഓടെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കുട്ടികളെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്.
വിവിധ പോക്സോ കേസുകളിൽ ഇരകളാക്കപ്പെട്ട പെൺകുട്ടികളെ പാർപ്പിക്കുന്ന സ്ത്രീകളുടെയും, കുട്ടികളുടെയും കേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്. കുട്ടികളെ കണ്ടെത്തിയതിനു ശേഷം തിങ്കളാഴ്ച്ച രാത്രി തന്നെ വനിതാ സെല്ലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ മെഡിക്കൽ ടെസ്റ്റ് നടത്തിയതിന് ശേഷം ചെൽഡ് വെൽഫെയർ സെന്ററിലേക്ക് മാറ്റി.