കോട്ടയം: വേനൽ ശക്തി പ്രാപിച്ചതോടെ പ്രതിസന്ധിയിലായി മൃഗപരിപാലന മേഖല. അനുദിനം ചൂട് വർദ്ധിക്കുന്നതോടെ ക്ഷീരമേഖലയിൽ പാൽ ഉത്പാദനത്തിലും കുറവ് ഉണ്ടാകുന്നു. ചൂട് കൂടിയതോടെ പത്ത് ലിറ്റർ പാൽവരെ ലഭിച്ചിരുന്ന പശുവിന് ഇപ്പോൾ രണ്ട് ലിറ്റർവരെ പാലിന് കുറവ് ഉണ്ടായിട്ടുണ്ടെന്ന് കർഷകർ പറയുന്നു. പശുക്കളിൽ പാലിന്റെ അളവ് കുറയുകയും പരിപാലനച്ചിലവ് വർദ്ധിക്കുകയും ചെയ്യുന്നത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു.

മൃഗപരിപാലന മേഖല ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീറ്റയുടെ ലഭ്യതക്കുറവാണ്. ചൂട് വർദ്ധിച്ചതോടെ മൃഗപരിപാലന മേഖലയ്ക്ക് ആവശ്യമായ തീറ്റ ലഭ്യത കുറഞ്ഞു. നാൽക്കാലികൾക്കൾക്കാവശ്യമായ പുല്ലിന് ദൗർലഭ്യം നേരിട്ടുതുടങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്ഷീരമേഖലയെ മാത്രമല്ല, ആട്, മുയൽ, പോത്ത്, എരുമ കർഷകരെയും ലഭ്യക്കുറവ് ബാധിക്കുന്നുണ്ട്. കാലിത്തീറ്റവാങ്ങാമെന്ന് വച്ചാൽ അമിതമായ വിലമൂലം അത് കർഷകന് മുതലാകില്ല.

ആശ്രയം

വഴിയോരങ്ങളിലെ

പുല്ല്

ചൂടുവർദ്ധിച്ചതോടെ തോട്ടങ്ങളിലെ പുല്ലുകളെല്ലാം കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്. തീറ്റപ്പുല്ല് വാങ്ങിക്കണമെങ്കിൽ കർഷകർ അമിത വില നൽകുകയും വേണം. ഒരു കെട്ട് തീറ്റപ്പുല്ലിന് 70 രൂപ മുതലാണ് വില. ചൂട് കൂടുന്ന സാഹചര്യത്തിൽ കെട്ട് പുല്ലിന്റെ തോതും അധികമാകും. എന്നാൽ, തീറ്റപ്പുല്ല് വാങ്ങിക്കൊടുക്കാമെന്നുവെച്ചാൽ അതിന്റെ ലഭ്യതയും കുറഞ്ഞു. പുല്ലിന്റെ ക്ഷാമം മൂലം വലിയതോതിൽ കർഷകർ ഇപ്പോൾ കൈതപ്പോളയെയാണ് മൃഗങ്ങൾക്കാവശ്യമായ തീറ്റക്ക് ആശ്രയിക്കുന്നത്. ചൂട് വർദ്ധിച്ചാൽ കൈതപ്പോളയുടെ ലഭ്യതയും കുറയും എന്ന ആശങ്കയിലാണ് കർഷകർ. പുല്ലിന് ക്ഷാമം നേരിട്ടു തുടങ്ങിയതോടെ, പാതയോരങ്ങളിലെയും പുല്ലുകൾ ഉള്ള സ്ഥലങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ ഉൾപ്പെടെ പുല്ല് ശേഖരിക്കുകയാണ് കർഷകർ ചെയ്യുന്നത്.

"ചൂട് വർദ്ധിച്ചതോടെ ആടുകൾക്ക് തുമ്മലും പനിയും ഉണ്ടാകുന്നു. രാവിലത്തെ തണുത്ത കാലാവസ്ഥയും ഉച്ചയ്ക്ക് ശേഷമുള്ള ചൂടും ആടുകളിൽ വ്യാപകമായി പനിയും തുമ്മലും വരുന്നതിന് ഇടയാക്കുകയാണ്

എബി

കർഷകൻ

വളർത്തു മൃഗങ്ങൾ

(2021 ലെ കണക്ക്) ,

പശു 81059
പോത്ത് 6163
ആട് 94977
പന്നി 9200

മുയൽ 11977