
ചങ്ങനാശേരി: ദൃശ്യമിഴിവും ശ്രവ്യഭംഗിയും ചേരുന്ന തീയേറ്റർ അനുഭവത്തിന് ഇനി ക്ലാസ് കട്ട് ചെയ്ത് പുറത്തുപോകേണ്ട. പുഷ്ബാക്ക് സീറ്റുമുതൽ മർട്ടിപ്ലക്‌സ് തീയറ്ററിനോട് കിടപിടിക്കുന്ന വിധം തയ്യാറാക്കിയ അക്വസ്റ്റിക്‌സും ചേർന്ന എസ്.ബി കോളജിലെ മിനി തീയറ്റർ ഇന്ന് മുതൽ പ്രദർശനങ്ങൾക്ക് തയ്യാർ. 1970,85 കാലത്ത് എസ്.ബി കോളജിന്റെ രക്ഷാധികാരിയായിരുന്ന കർദ്ദിനാൾ മാർ ആന്റണി പടിയറയുടെ പേരിലുള്ള മിനി തീയറ്റർ ഇന്ന് 12ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലിത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ മോൺ തോമസ് പാടിയത്ത് പ്രസംഗിക്കും. . പ്രിൻസിപ്പൽ ഫാ.റെജി പി.കുര്യൻ സ്വാഗതവും ബർസാർ മോഹൻ മാത്യു നന്ദിയും പറയും. ബിരുദ ബിരുദാനന്തര തലങ്ങളിൽ അക്കാദമിക് വിഷയമായി ചലച്ചിത്രപഠനുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും ചലച്ചിത്ര പ്രദർശനങ്ങളും ചലചിത്ര മേളകളും സംഘടിപ്പിക്കുന്ന ഫിലിം ക്ലബും കോളജിലുണ്ട്. ഇത്തരം ചലച്ചിത്ര പ്രദർശനങ്ങൾ ഇനി തീയേറ്റർ അനുഭവത്തോടെ വിദ്യാർത്ഥികൾക്ക് ആസ്വദിക്കാനാകും. 148, 7.5 അടി വലിപ്പമുള്ള സ്മാർട്ട് സ്‌ക്രീനും ഡോൾ ബി നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റവുമാണ് മിനി തീയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്നത്.