malinnam

എരുമേലി: വലിയമ്പലത്തിന്റെ പരിസരത്തായി ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടുകളിൽ മാലിന്യങ്ങൾ കുന്നുകൂടി . തീർത്ഥാടകർ വിശ്രമിക്കുന്ന വലിയമ്പലത്തിനോട് ചേർന്ന അന്നദാന മണ്ഡപത്തിന് മുൻവശത്തടക്കമാണ് മാലിന്യങ്ങൾ കിടക്കുന്നത്. . ഭക്ഷണാവശിഷ്ടങ്ങൾ അടക്കം ഇതിലുൾപ്പെടും. പ്ലാസ്റ്റിക് മാലിന്യങ്ങളും, വസ്ത്രങ്ങളും, പേട്ടതുള്ളലിനായി ഉപയോഗിക്കുന്ന മരച്ചില്ലകളും വേറെ. ഏതാനും ദിവസങ്ങൾക്ക് മുൻപ വരെ ദേവസ്വം ബോർഡിന്റെ സ്ഥലങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയതിരുന്ന പഞ്ചായത്ത് നിർത്തിവച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.കളക്ടറുടെ നിർദേശത്തെ തുടർന്നാണ് മാലിന്യനീക്കം നിർത്തിയതെന്ന വിശദീകരണമാണ് ഇക്കാര്യത്തിൽ പഞ്ചായത്ത് നൽകുന്നതെന്ന് അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ് മനോജ് പറഞ്ഞു.

നേരത്തെ സീസൺ വ്യാപാരികളോടടക്കം പഞ്ചായത്ത് ആയിരം രൂപ വീതം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ ഈടാക്കിയിരുന്നു. തീർത്ഥാടനവുമായി ബന്ധപ്പെട്ട് സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ നിന്നും പതിനേഴ് ശതമാനം തുക മാലിന്യ നിർമാർജനത്തിന് നീക്കിവയ്ക്കുന്ന സ്ഥിതിയുമുണ്ട് .മാലിന്യനീക്കത്തിനായി എത്തിയ വിശുദ്ധി സേനാംഗങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതടക്കമാകട്ടെ ദേവസ്വം ബോർഡാണ്. എന്നിട്ടും ദേവസ്വം ബോർഡ് ഗ്രൗണ്ടുകളിലെ മാലിന്യം തങ്ങൾ നീക്കില്ല എന്നാണ് പഞ്ചായത്തിന്റെ നിലപാട് . ഈ സ്ഥിതി തുടർന്നാൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഹൈന്ദവ സംഘടനകളുടെ നീക്കം. എന്നാൽ കളക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ദേവസ്വം ബോർഡ് ഗ്രൗണ്ടുകളിലെ മാലിന്യശേഖരിക്കുന്നത് നിർത്തിവച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ ജോർജ്കുട്ടി അറിയിച്ചു.ഗ്രൗണ്ടുകൾ ലേലത്തിൽ പിടിച്ചവർ തന്നെ ഇവിടുത്തെ മാലിന്യങ്ങൾ നീക്കം ചെയ്യണം. സ്വകാര്യ യി ടങ്ങളിലെ മാലിന്യ നീക്കം പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തമല്ലന്നും പ്രസിഡന്റ് അറിയിച്ചു.