തലയാഴം : തലയാഴം പഞ്ചായത്തിലെ മത്തുങ്കൽ, പുത്തൻപാലം എന്നിവിടങ്ങളിലെ ഓരു മുട്ടുകൾ സ്ഥാപിക്കാത്തതു മൂലം ഉപ്പുവെള്ളം കയറുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. തലയാഴം, വെച്ചൂർ , കല്ലറ പഞ്ചായത്തുകളിലെ നെൽക്കർഷകർ രണ്ടാം നെൽകൃഷിക്കായി നിലമൊരുക്കിക്കഴിഞ്ഞു. കാലവർഷ കെടുതി മൂലം എല്ലാ ബ്ലോക്കുകളും രണ്ടാം നെൽകൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഓരുമുട്ട് സ്ഥാപിക്കാത്തതു മൂലം ഒരുക്കിയിട്ടിരിക്കുന്ന പാടശേഖരങ്ങളിൽ ഉപ്പ് വെള്ളം കലരുമെന്ന ആശങ്കയിലാണ് കർഷകർ. പച്ചക്കറി, കപ്പ, വാഴ എന്നീ ഇടവിളകൾ കുടുംബശ്രീ, പുരുഷ സ്വയം സഹായ സംഘങ്ങൾ തുടങ്ങി വിവിധ ഗ്രൂപ്പുകൾ വ്യാപകമായി കൃഷി ചെയ്തിട്ടുണ്ട്. മുൻവർഷങ്ങളിൽ തലയാഴം മത്തുങ്കൽ ഓരു മുട്ട് നിർമ്മിക്കുമ്പോൾ സമീപത്തുള്ള കൽകെട്ട് വഴി വെള്ളം കയറുന്നത് പതിവായിരുന്നു. ഡിസംബർ 15ന് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ സ്ഥാപിച്ച ശേഷമാണ് ഓരുമുട്ടുകൾ സ്ഥാപിക്കുന്നത്. ഇക്കുറി തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഡിസംബർ 17 നാണ് താഴ്ത്തിയത്. രണ്ടാഴ്ച പിന്നിട്ടിട്ടും തലയാഴത്തെ ഓരുമുട്ടുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല.
നടപടി വേണം
ഓരുമുട്ട് അടിയന്തിരമായി തീർത്ത് ഓരു ജലഭീഷണി ഒഴിവാക്കാൻ അധികൃതർ നടപടി ശക്തമാക്കണമെന്ന് കർഷക യൂണിയൻ (എം) തലയാഴം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കർഷക യൂണിയൻ (എം) മണ്ഡലം പ്രസിഡന്റ് ഷാജി എസ്തപ്പാന്റ അധ്യക്ഷതയിൽ നടന്ന യോഗം കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ബിജു പറപ്പള്ളി ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) തലയാഴം മണ്ഡലം കമ്മറ്റി പ്രസിഡന്റ് ജോസ് കാട്ടിപ്പറമ്പിൽ, എൻ.സോമൻ, ജോമോൻ കൈതക്കാട്ട്, ഷാജിചില്ലയിൽ , സണ്ണിമലയിൽ, ബിനീഷ് തൈത്തറ, പ്രകാശൻ കാട്ടുവള്ളി, ജിജി കുഞ്ചിരിക്കാട്ട്, പ്രദീപ് പുന്നപ്പുഴി തുടങ്ങിയവർ പ്രസംഗിച്ചു.