a

കുമരകം : വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്ത് സാധാരണക്കാർക്ക് കായൽ കാഴ്ച്ചകൾ കണ്ടാസ്വദിക്കാൻ സാധിക്കുന്ന പ്രധാനപ്പെട്ട രണ്ടിടങ്ങളായ ചീപ്പുങ്കലും നാലുപങ്കും സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി. ടൂറിസം വികസനത്തിന് കോടികൾമുടക്കി നടത്തിയ പദ്ധതികളാണ് ഇപ്പോൾ നാട്ടുകാർക്ക് സ്വര്യജീവിതം ഇല്ലാതാക്കുംവിധം മാറിയത്. കിലോമീറ്ററോളം നീണ്ട കുറ്റികാടുകൾ നിറഞ്ഞ വിജനമായ പ്രദേശങ്ങൾ ഇതിനോട് ചേർന്നുള്ളതിനാലാണ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇവിടം തിരഞ്ഞെടുക്കാൻ ഇത്തരക്കാർക്ക് പ്രേരണ ആകുന്നത്. സ്കൂൾ , കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇവിടെ രാവിലെ മുതൽ തമ്പടിക്കുകയും സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ശല്യമായി തീരുകയാണ്. വിനോദ സഞ്ചാര വികസനത്തിനായി കോടികൾ മുടക്കിയ ഈ രണ്ടു പ്രദേശങ്ങളും അധികൃതർ പിന്നീട് അവഗണിച്ചതോടെയാണ് ഈ ദുർഗതി. അനാശാസ്യ പ്രവർത്തനങ്ങളും കഞ്ചാവും , ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ചുള്ള അഴിഞ്ഞാട്ടങ്ങളും അതിരു കടന്നതോടെ പരാതിയുമായി നാട്ടുകാർ ബന്ധപെട്ടെ വരെ സമീപിച്ചെങ്കിലും നാളിതു വരെ പ്രയോജനം ഒന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസം ചീപ്പുങ്കലിലെ കാടു പിടിച്ച പ്രദേശത്ത് എത്തിയ കമിതാക്കളിൽ യുവാവ് അത്മഹത്യ ചെയ്യുകയും കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ കാണാതാവുകയും പിറ്റേ ദിവസം സമീപത്തെ പൊന്തക്കാട്ടിൽ നിന്നും അവശ നിലയിൽ കണ്ടെത്തുകയും ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

പൊലീസിന്

ചെന്നെത്താനാകാതെ

കോട്ടയം വെസ്റ്റ് പൊലീസ്റ്റേഷന്റെ പരിധിയിലാണ് ചീപ്പുങ്കൽ പ്രദേശം എന്നാൽ അടിയന്തര ഘട്ടങ്ങളിൽ 17 കിലോമീറ്റർ അകലെയുള്ള സ്റ്റേഷനിൽ നിന്നും പൊലീസിന് ഇവിടെ എത്തേണ്ടിവരുന്നത് പ്രശ്നമാകാറുണ്ട്. തൊട്ടടുത്തുള്ള കുമരകം സ്റ്റേഷന്റെ പരിധിയിലേയ്ക്ക് ഇവിടം മാറ്റണമെന്ന നിർദേശം ഇനിയും പ്രാവർത്തികമായിട്ടില്ല

തർക്കം തീർന്നില്ല

നാലു പങ്കിന്റെ സ്ഥിതിയും വിഭിന്നമല്ല. ഉദ്ഘാടനത്തിനു ശേഷം കുമരകം പഞ്ചായത്തും ഡി. റ്റി. പി. സി യും തമ്മിൽ ബോട്ട് ടെർമിനലിന്റെ അവകാശത്തെ ചൊല്ലി നിലനിൽക്കുന്ന തർക്കം മൂലം ഇതുവരെയും ഇതിന്റെ പ്രവർത്തനം തുടങ്ങിയില്ല. ഇതോടെ ടെർമിനലിന്റെ പരിസര പ്രദേശങ്ങളും പള്ളിക്കായലിന്റെ പടിഞ്ഞാറേ പുറംബണ്ടും സാമൂഹ്യ വിരുദ്ധരുടെ വിളഭൂമിയായി മാറി. ന്യൂ ജെൻ ഇരുചക്ര വഹനങ്ങളിൽ ഇവിടെങ്ങളിൽ എത്തി ലഹരി ഉപയോഗിക്കുകയും പിന്നീട് നടത്തുന്ന മത്സര ഓട്ടവുമാണ് കുമരകം റോഡിലെ പല അപകടങ്ങൾക്കും മുഖ്യ കാരണം