
പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ചിട്ട് ആറ് മാസം പിന്നിടുന്നു
കോട്ടയം: തകർന്ന് തരിപ്പണമായി കുടയംപടിക്ക് സമീപമുള്ള കുതിര പന്തി വട്ടക്കോട്ട റോഡ്. ജലനിധി പദ്ധതിയുടെ പൈപ്പ് ഇടുന്നതിന്റെ ഭാഗമായാണ് റോഡ് മുഴുവൻ കുഴിച്ചത്. പൈപ്പ് സ്ഥാപിച്ച് കുഴി താൽക്കാലികമായി മൂടിയതല്ലാതെ റീടാറിംഗ് നടത്തിയില്ല. ഇതാണ് പ്രദേശവാസികളെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നത്. അയ്മനം പഞ്ചായത്തിലെ 10-ാം വാർഡിലാണ് റോഡ് സ്ഥിതി ചെയ്യുന്നത്. 2021,22 വർഷത്തെ വികസനഫണ്ട് ഉപയോഗിച്ചാണ് ഈ റോഡിലെ തന്നെ 70 മീറ്റർ സ്ഥലം ആറ് മാസം മുൻപ് 2 ലക്ഷം രൂപ ഉപയോഗിച്ച് ടാർ ചെയ്‌തെങ്കിലും ബാക്കി ഭാഗത്തെ സ്ഥിതി തുടരുകയാണ്. കുടയംപടി, ഒളശ്ശ, അയ്മനം റോഡ് നിർമ്മാണം നടക്കുന്നതിനാൽ അയ്മനം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്. ഫണ്ട് ലഭിക്കാത്തത് കൊണ്ടാണ് ബാക്കി ഭാഗം ടാറിംഗ് നടത്താതെന്നാണ് അധികൃതർ പറയുന്നതെന്ന് നാട്ടുകാർ പറയുന്നു.
റോഡിന്റെ നടുവശം പൊട്ടിപ്പൊളിഞ്ഞ് ചെറുതും വലുതുമായ നിരവധി കുഴികൾ രൂപപ്പെട്ടു. കല്ലും മണ്ണും നിറഞ്ഞു കിടക്കുന്നതിനാൽ, ഇരുചക്ര വാഹനങ്ങൾ കല്ലിലും മണ്ണിലും കയറി നിയന്ത്രണം വിട്ട് മറിയുന്നത് പതിവാണ്. കാൽനടയാത്രികരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ ഇവിടെ വീണിട്ടുണ്ടെന്നും ഭാഗ്യം കൊണ്ടാണ് ഗുരുതരമായ പരിക്കേൽക്കാതെ രക്ഷപ്പെടുന്നതെന്നും സമീപവാസികൾ പറയുന്നു. കുത്തനെയുള്ള കയറ്റവും അപകടം നിറഞ്ഞ വളവുമുള്ള ഭാഗവും അപകടങ്ങളുടെ തോതും ഉയർത്തുന്നു. സമീപത്തെ വീടുകളുടെ മതിലിലും ഗേറ്റിലുമാണ് വാഹനങ്ങളും യാത്രക്കാരും വീഴുന്നതും. പ്രദേശവാസികളുടെ നിരന്തര പരാതിയെ തുടർന്ന്, റോഡിന്റെ പലയിടങ്ങളിലായി പേരിനുമാത്രം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
പൊടിശല്യം അതിരൂക്ഷം,
റോഡിലെ കുഴികൾ നികത്തി ടാാറിംഗ് നടത്താതിനാൽ, പൊടിശല്യം വളരെ രൂക്ഷമാണെന്നും സമീപത്തെ വീടുകളുടെ മുൻഭാഗവും സിറ്റ്ഔട്ടുകളും വാഹനങ്ങളും പൊടി മൂടിയ നിലയിലാണ്. വേനൽക്കാലമായതും വാഹനങ്ങളുടെ എണ്ണം കൂടിയതും ഇരട്ടി ദുരിതമായി. മുൻപ് സ്ഥിരം വെള്ളകെട്ട് ഉണ്ടായി കൊണ്ടിരുന്ന റോഡിലെ അടഞ്ഞ് കിടന്നിരുന്ന ഓടകൾ നാളുകൾക്ക് മുൻപാണ് വൃത്തിയാക്കിയത്.
"റോഡിന്റെ ഈ അവസ്ഥയെക്കുറിച്ച് സ്ഥിരം പരാതികൾ ലഭിക്കാറുണ്ട് റോഡ് പണിക്കുള്ള പുതിയ ടെൻഡർ ലഭിച്ചിട്ടുണ്ട്, രണ്ടാഴയുള്ളിൽ പണി ആരംഭിക്കുമെന്നും ജനുവരി അവസാന ആഴ്ചക്കുള്ളിൽ തന്നെ മുഴുവൻ പണിയും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സബിതാ പ്രേംജി
അയ്മനം പഞ്ചായത്ത് പ്രസിഡന്റും
10-ാംവാർഡ് മെമ്പറും
"എത്ര വൃത്തിയാക്കിയാലും വീണ്ടും പൊടിയാകുന്ന സ്ഥിതിയാണ്. ബൈപ്പാസ് സർജറി കഴിഞ്ഞയാളായതിനാൽ ഈ പൊടി സ്ഥിരമായി ശ്വസിക്കുന്നത് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. മാത്രമല്ല റോഡിൽ അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയും ശുശ്രൂഷിച്ചും മടുത്തു
കെ.എൻ രാജീവ്
സമീപവാസി