natokom

കോട്ടയം : രണ്ടു വർഷം മുമ്പ് അടച്ചു പൂട്ടിയ വെള്ളൂർ ന്യൂസ് പ്രിന്റ് സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ പുതിയ കമ്പനിയായി തുറന്ന് അച്ചടി നിർമ്മാണത്തിലേക്ക് കടന്നപ്പോൾ ഇതിലും പഴക്കമുള്ള പൊതുമേഖല സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സ് അടച്ചു പൂട്ടൽ ഭീഷണിയിൽ. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സ്ഥാപനത്തിന് 40 കോടിയോളം രൂപയാണ് കടബാദ്ധ്യത. ജീവനക്കാർക്ക് റിട്ടയർമെന്റ് ആനുകൂല്യമായി അഞ്ചര കോടിയും, പി.എഫ് കുടിശിക ഇനത്തിൽ മൂന്നു കോടിയും നൽകാനുണ്ട്. തുക നൽകാൻ ഡെപ്യൂട്ടി ലേബർ കമ്മിഷണർ ജപ്തി നോട്ടീസ് നൽകിയതിനെതിരെ കമ്പനി മാനേജ്മെന്റ് ലേബർ കമ്മിഷണറെ സമീപിച്ചെങ്കിലും ഗ്രാറ്റുവിറ്റി തുക ഉടൻ നൽകണമെന്നായിരുന്നു വിധി. കാക്കനാട്ടെ കമ്പനി വക സ്ഥലം വിറ്റ് പണം നൽകുന്നതിലും തീരുമാനം ആയിട്ടില്ല. സർക്കാർ സഹായമില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് നീങ്ങും. മാസം പത്തു കോടി രൂപയുടെ നഷ്ടത്തിലാണ് കമ്പനി.

തിരിച്ചടിയായത് വൈറ്റ് സിമന്റ് ഉത്പാദനം നിറുത്തിയത്

ഈജിപ്തിൽ നിന്ന് ക്ളിങ്കർ ഇറക്കുമതി ചെയ്താണ് ഇപ്പോൾ കമ്പനിയുടെ പ്രവർത്തനം. വൈറ്റ് സിമന്റായിരുന്നു ബ്രാൻഡഡ് ഉത്പന്നം. മത്സ്യ തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് കക്ക ഖനനം ചെയ്യുന്നതിന് ഹൈക്കോടതി നിരോധനം വന്നു. പുറത്തു നിന്ന് വൈറ്റ് ക്ലീങ്കർ വാങ്ങാൻ പണമില്ലാത്തതിനാൽ വൈറ്റ് സിമന്റ് ഉത്പാദനം നിറുത്തിയതാണ് കമ്പനി നഷ്ടത്തിലാക്കിയത്. പുതിയ ഗ്രേസിമന്റ് പ്രോജക്ടിനും വോൾ പുട്ടിയൂണിറ്റിനുമായി പത്തുകോടി അനുവദിക്കാമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. ഇത് കമ്പനിയെ ലാഭത്തിലെത്തിക്കുമെന്നും കരുതിയിരുന്നു.

യന്ത്രങ്ങൾ തുരുമ്പെടുക്കുന്നു

പ്രധാന അസംസ്കൃത വസ്തുവായ കക്ക പെരുമ്പളം ദ്വീപിനു സമീപത്ത് നിന്ന് ശേഖരിക്കുന്നതിനുള്ള ലീസ് പുതുക്കുന്നതിന് മാനേജ്മെന്റ് നടപടി സ്വീകരിക്കാതിരുന്നതാണ് ഫാക്ടറിയുടെ പ്രവർത്തനം സ്തംഭനത്തിലാക്കിയത്. കക്ക ശേഖരണം നിലച്ചതോടെ മൂന്നു കോടി രൂപ വിലയുള്ള ഡ്രഡ്ജർ ഉൾപ്പടെയുള്ള യന്ത്രസാമഗ്രികൾ തുരുമ്പെടുത്ത് നശിക്കുകയാണ്. കമ്പനിയുടെ വൈവിദ്ധ്യവത്കരണത്തിന് സർക്കാർ അനുവദിച്ച തുക ഉപയോഗിച്ചാണ് 370 തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത്.