മുണ്ടക്കയം: വേനൽചൂടിൽ മലയോരമേഖല കാട്ടുതീ ഭീതിയിൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കനത്തചൂടാണ് മലയോരമേഖലയിൽ അനുഭവപ്പെടുന്നത്. മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളുടെ ഉൾപ്രദേശങ്ങളിൽ കാട്ടുതീ പടർന്നാൽ നിയന്ത്രിക്കുക അസാധ്യമായി മാറും. കാഞ്ഞിരപ്പള്ളിയിൽ നിന്നും പീരുമേട്ടിൽ നിന്നും അഗ്നിശമനസേനയുടെ യൂണിറ്റ് എത്തുമ്പോഴേക്കും പ്രദേശമാകെ അഗ്നിക്ക് ഇരയായിരിക്കും. മുൻവർഷങ്ങളിൽ വനാതിർത്തി മേഖലകളിൽ കാട്ടുതീ പടരാതിരിക്കാൻ ഫയർലൈൻ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാറുണ്ടായിരുന്നെങ്കിലും ഈ വർഷം ഇതു നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പാതയോരങ്ങളിൽ ഉപേക്ഷിക്കുന്ന സിഗരറ്റ് കുറ്റികളിൽ നിന്നും മറ്റും തീ പടരാതിരിക്കാൻ പാതയുടെ വശങ്ങളിലെ കാട് വെട്ടിത്തെളിച്ച് സുരക്ഷ ഒരുക്കേണ്ടതുണ്ട്. എന്നാൽ ഇതും പേരിനുപോലും ഒരിടത്തും ചെയ്തിട്ടില്ല.
വറ്റിവരണ്ടു
ഒക്ടോബർ-നവംബർ മാസങ്ങളിലും ഡിസംബറിന്റെ പാതിവരെയും ഇടമുറിയാതെ പെയ്ത മഴ പൊടുന്നനേ നിലച്ചു. ഡിസംബറിലെ ആദ്യ ആഴ്ചകളിൽ നിറഞ്ഞു കവിഞ്ഞൊഴുകിയ ജലാശയങ്ങളെല്ലാം ഡിസംബർ അവസാനത്തോടെ വറ്റിവരണ്ട നിലയിലാണ്. ജനുവരി ആദ്യവാരമായതോടെ ജലാശയങ്ങളിലെ ജലനിരപ്പ് തീർത്തും താഴ്ന്നു. പല മേഖലകളിലും കുടിവെള്ളം കിട്ടാക്കനിയായി.