പനമറ്റം: ഭഗവതി ക്ഷേത്രത്തിന്റെ ചുറ്റമ്പലം നവീകരണത്തിനായി പൊളിച്ചുതുടങ്ങി. ഭക്തരും ദേവസ്വം ഭാരവാഹികളും സർവ്വപ്രായശ്ചിത്ത പ്രദക്ഷിണം നടത്തി പണക്കിഴി സമർപ്പിച്ചതിന് ശേഷമാണ് പൊളിക്കൽ തുടങ്ങിയത്. പട്ടികയും കഴുക്കോലുമുൾപ്പെടെ മരഉരുപ്പടികൾ പൊളിച്ചുനീക്കി രണ്ടു ദിവസത്തിനകം ഭിത്തിയുൾപ്പെടെയുള്ള ഭാഗം പൊളിച്ചുമാറ്റും. വെയിലും മഴയും പണികൾക്ക് തടസമാകാതിരിക്കാൻ കൂറ്റൻപന്തൽ ചുറ്റമ്പലത്തിന് മുകളിലായി നിർമ്മിച്ചിട്ടുണ്ട്. പുതിയ ചുറ്റമ്പലത്തിനുള്ള മരഉരുപ്പടികൾക്കായി 75 ലക്ഷം രൂപയോളം വിലവരുന്ന തടികൾ ഭക്തർ സമർപ്പിച്ചിട്ടുണ്ട്. ഭിത്തിയുടെ നിർമ്മാണം കൃഷ്ണശിലയിലാണ്. ഇതിനാവശ്യമായ ശിലകൾ തഞ്ചാവൂരിൽ നിന്ന് എത്തിച്ചു. മേൽക്കൂര ചെമ്പുപൊതിയാനാണ് ഉദ്ദേശിക്കുന്നത്. മൂന്നുകോടി രൂപയാണ് നവീകരണത്തിന് ചെലവ് കണക്കാക്കുന്നത്. ക്ഷേത്ര നവീകരണം നടത്തുന്നതിനാൽ രാവിലെ 8ന് മുൻപ് പൂജകളും വഴിപാടുകളും നടത്തും. പ്രസാദ വിതരണം രാവിലെ 8നാണ്. വൈകിട്ട് 5.30നാണ് നടതുറപ്പെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.