പാലാ ടൗൺ ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗിനെതിരെ നടപടിയുമായി പൊലീസ്

പാലാ: അനധികൃത പാർക്കിംഗ് നടത്തിയ വാഹനങ്ങൾ കൂട്ടത്തോടെ ഒഴിപ്പിച്ചു. പാലാ ടൗൺ ബസ് സ്റ്റാൻഡ് കവാടം ശൂന്യം! ടൗൺ ബസ് സ്റ്റാൻഡിന്റെ പ്രധാന കവാടത്തിൽ ഇരുവശത്തും വിവിധ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും ഇതുമൂലം ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാകുന്ന ഗതാഗതതടസവും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതുടർന്ന് ഇന്നലെ രാവിലെ തന്നെ പാലാ ട്രാഫിക് എസ്.ഐ. ജോർജ്ജിന്റെ നേതൃത്വത്തിൽ ഇവിടെ അനധികൃതമായി പാർക്ക് ചെയ്തിരുന്ന മുഴുവൻ വാഹനങ്ങളും ഒഴിപ്പിക്കുകയും കേസെടുക്കുകയുംചെയ്തിരുന്നു. ഏറെ നാളുകളായി അനധികൃത ഓട്ടോ സ്റ്റാൻഡ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ബസ് സ്റ്റാൻഡ് കവാടത്തിൽ തമ്പടിച്ചിരുന്നത്. ഇവിടെ വാഹനങ്ങൾ നിർത്തി ടൗണിൽ ഷോപ്പിംഗിന് പോകുന്നവർ പോലും ഉണ്ടായിരുന്നു.

അനുവദിക്കില്ല

ടൗൺ ബസ് സ്റ്റാൻഡ് കവാടത്തിൽ ഒരു വാഹനവും പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് പാലാ ട്രാഫിക് പൊലീസ് അറിയിച്ചു. ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നതുമൂലം ടൗൺ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്നതിന് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും ബസുകൾക്കുമിടയിൽപ്പെട്ട് കാൽനടയാത്രക്കാരും വലഞ്ഞിരുന്നു.