പാലാ: വിവിധ കായികമത്സരങ്ങളിലായി രണ്ട് ഡസനോളും അന്തർദേശീയ കായികതാരങ്ങളെ വളർത്തിയെടുത്ത് റിക്കാർഡിട്ട ഒരു കായികാദ്ധ്യാപകൻ പാലായിലുണ്ട്; പാലായുടെ സ്വന്തം ദ്രോണാചാര്യ വി.സി ജോസഫ്. കഴിഞ്ഞ ആറുപതിറ്റാണ്ടായി പാലായിൽ നിന്നു വളർന്ന കായികതാരങ്ങളെ മുഴുവൻ പരിശീലിപ്പിച്ചിട്ടുള്ള വി.സി. ജോസഫിനെ ആദരിക്കാനൊരുങ്ങുകയാണ് കായികലോകം. 'ഗുരുപാദേ '' എന്നുപേരിട്ട സ്‌നേഹാദര സമർപ്പണ പരിപാടി നാളെ വൈകിട്ട് 5ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 85 കാരനായ വി.സി ജോസഫിനെ ആദരിക്കാൻ അദ്ദേഹത്തിന്റെ ശിഷ്യനായ മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവരെത്തും. ഇന്ത്യൻ കായിക രംഗത്തേയ്ക്ക് പ്രശസ്തരായ നിരവധി താരങ്ങളെ സംഭാവന ചെയ്ത പാലായിൽ വള്ളിച്ചിറയിൽ ജനിച്ച ''വി.സി. സാർ'' എന്ന വി.സി. ജോസഫ് തന്റെ കായിക ജീവിതം ആരംഭിച്ചത് പാലാ സെന്റ് തോമസ് സ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്. മികച്ച ബാസ്‌കറ്റ്‌ബോൾ കളിക്കാനായിരുന്നു വി.സി ജോസഫ്. തുടർന്ന് പാലാ സെന്റ് തോമസ് കോളേജിലും ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷനിലും വിദ്യാഭ്യാസം പൂർത്തിയാക്കി 1962ൽ കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്‌കൂളിൽ കായികാദ്ധ്യാപകനായി ജോലിയിൽ കയറി. 1976 ൽ പാലാ സെന്റ് തോമസ് ഹൈസ്‌കൂളിൽ എത്തിയതോടെയാണ് വി.സി സാർ അത്‌ലറ്റിക്‌സിലേക്ക് ശ്രദ്ധ ചെലുത്തുന്നത്. നാലരപതിറ്റാണ്ടിനിടെ നൂറുകണക്കിന് കായികതാരങ്ങളെ പരിശീലിപ്പിച്ചു. ഇതിൽ അന്തർദേശീയ താരങ്ങളും ദേശീയതാരങ്ങളും ഉൾപ്പെടുന്നു. കായികാദ്ധ്യാപകനായിരിക്കെ ഔദ്യോഗികമായി ഏഷ്യാഡിൽ പങ്കെടുത്ത ഏക സ്‌കൂൾ അദ്ധ്യാപകനായിരുന്നു ഇദ്ദേഹം. പാലാ വിദ്യാഭ്യാസ ജില്ലയുടെ സ്‌പോർട്‌സ് സെക്രട്ടറിയായിരുന്നു. 1989ൽ മികച്ച അദ്ധ്യാപകനുള്ള അവാർഡ് വി.സി സാറിനെ തേടിയെത്തിയിരുന്നു.