പാലാ: ജില്ലയിലെ ആരോഗ്യ മേഖലയിൽ കൂടുതൽ ഇടപെടലുകളുമായി കോട്ടയം ജില്ലാ പഞ്ചായത്ത്. ചെലവേറിയ കാൻസർ ചികിത്സയ്ക്കായി കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കും.കാൻസർ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും രോഗനിർണയത്തിനും സമഗ്രചികിത്സാ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ഒരുക്കുന്നത്.പാലാ ജനറൽ ആശുപത്രിയിൽ റേഡിയോ തെറാപ്പി സൗകര്യവും വൈക്കം താലൂക്ക് ആശുപത്രിയിൽ സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിന് വേണ്ടി മാമോ ഗ്രാഫ് സംവിധാനവുമാണ് സജ്ജീകരിക്കുക. പാലാ ജനറൽ ആശുപത്രിയിലും കോട്ടയം ജില്ലാ ആശുപത്രിയിലുമായി കാൻസർ ചികിത്സാ വിഭാഗത്തിൽ കീമോതെറാപ്പി ഉൾപ്പെടെ നൽകിവരുന്നു. ഇതിനായി 18 കോടിയോളം രൂപ ചിലവഴിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അസൂത്രണ സമിതിയും ആരോഗ്യ വിഭാഗത്തിനായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗവും ശുപാർശ ചെയ്തു.അടുത്ത ദിവസം ചേരുന്ന ജില്ലാ ആസൂത്രണ സമിതിയിൽ പദ്ധതികൾ സമർപ്പിക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയർമാൻ നിർമ്മല ജിമ്മി അറിയിച്ചു.ആരോഗ്യ വിഭാഗത്തിനായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ്, ഡി.എം.ഒമാരായ ഡോ.എൻ. പ്രിയ, ഡോ.സി. ജയശ്രീ, ആസൂത്രസമിതി അംഗം ജയ്‌സൺ മാന്തോട്ടം, സുനു.പി.മാത്യു, ഡോ.എ.ആർ.ഭാഗ്യശ്രീ എന്നിവർ പങ്കെടുത്തു.
സൗജന്യ ചികിത്സ ഉറപ്പാക്കും
കോട്ടയം, പാലാ ജനറൽ ആശുപത്രികളിലും പാമ്പാടി, വൈക്കം താലൂക്ക് ആശുപത്രികളിലും നടത്തുന്ന ഡയാലിസിസ് യൂണിറ്റുകളിൽ എത്തുന്ന നിർദ്ധന രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ജില്ലാ ജനറൽ ആശുപത്രിയിൽ എഫ്.ഡബ്ല്യു.സ്റ്റോർ' ജെറിയാട്രിക് വാർഡ്, പാലീയേറ്റീവ് കെയർ യൂണിറ്റ് എന്നിവയ്ക്കായി കെട്ടിട നിർമാണം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒ.പി., ഐ.പി, വിഭാഗം കെട്ടിടം നിർമ്മിക്കുന്നതിനും ഫണ്ട് വകയിരുത്താനും യോഗം ശുപാർശ നൽകി.