പാലാ: നഗരമധ്യത്തിലെ അമ്പലപ്പുറത്ത് ശ്രീഭഗവതിക്ഷേത്രം വളപ്പിൽ താത്ക്കാലിക പടക്കക്കടയിലെ മാലിന്യങ്ങൾ കൂട്ടത്തോടെ തള്ളിയത് വിവാദമായി. സംഭവത്തിൽ ക്ഷേത്രോപദേശക സമിതി പ്രതിഷേധമറിയിച്ചതോടെ പാലാ നഗരസഭ അധികൃതർ പ്രശ്നത്തിൽ ഇടപെട്ട് മാലിന്യം നീക്കി.

ന്യൂ ഇയറിന് നഗരത്തിൽ പ്രവർത്തിച്ച താത്കാലിക പടക്കക്കടയിലെ മാലിന്യം മുഴുവൻ ക്ഷേത്രവളപ്പിലേക്ക് തള്ളുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ പാലാ നഗരസഭ അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ നഗരസഭയിൽ നിന്ന് ശുചീകരണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മടങ്ങിയതല്ലാതെ ഒരു പരിഹാരവും ഉണ്ടായില്ല. ഇതോടെ ക്ഷേത്രോപദേശക സമിതി നേതാവ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി മുന്നോട്ട് വന്നു. മാലിന്യങ്ങൾ ക്ഷേത്രവളപ്പിൽ നിന്ന് നീക്കിയില്ലെങ്കിൽ മുനിസിപ്പൽ ഓഫീസ് ഉപരോധിക്കുമെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചതോടെ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര വിഷയത്തിൽ ഇടപെട്ടു. തുടർന്ന് നഗരസഭയിലെ ശുചീകരണവിഭാഗം ജീവനക്കാർ മാലിന്യം നീക്കുകയായിരുന്നു.പടക്കക്കട നടത്തിയ വ്യക്തിക്ക് പതിനായിരം രൂപാ പിഴയിടാനും ചെയർമാൻ നിർദ്ദേശിച്ചു. ഇതിനിടെ പടക്കക്കട നടത്തിയയാൾ പിഴയീടാക്കാനെത്തിയ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരോട് തട്ടിക്കയറിയതും വിവാദമായി. ഒരു മുൻകൗൺസിലറുടെ മകന്റെ നേതൃത്വത്തിലാണ് പടക്കക്കടയിട്ടതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പാലാ പൊലീസിൽ പരാതി നൽകുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും അറിയിച്ചു.