സുരക്ഷാ സംവിധാനങ്ങളില്ല, മുണ്ടക്കയം കോസ്‌വേ ജംഗ്ഷനിൽ അപകടസാധ്യത

മുണ്ടക്കയം: ഗതാഗതകുരുക്ക്, ഒപ്പം അപകടസാധ്യതയും. മുണ്ടക്കയം കോസ്‌വേ ജംഗ്ഷന്റെ പൊതുചിത്രം ഇപ്പോൾ എന്തെന്ന് വ്യക്തമാണ്.

ഏറെ തിരക്കേരിയ ജംഗ്ഷനിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ഒന്നും തന്നെ ഇല്ല. ശബരിമല സീസൺ അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ തീർത്ഥാടകരുടെ തിരക്കേറിയതോടെ കോസ്‌വേ ജംഗ്ഷനിൽ കുരുക്കോട് കുരുക്കാണ്. മുണ്ടക്കയം എരുമേലി സംസ്ഥാനപാതയിൽ മുണ്ടക്കയം കോസ്‌വേ പാലത്തിന് സമീപം മുന്നറിയിപ്പ് ബോർഡുകളോ, ട്രാഫിക് ഡിവൈഡറുകളോ സ്ഥാപിക്കാത്തത് വലിയ ഗതാഗതപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നുണ്ട്.

മുണ്ടക്കയത്ത് നിന്നും കോസ്‌വേ പാലം കയറി എത്തുന്ന വാഹനങ്ങൾ കുമളി ഭാഗത്തേക്കും, എരുമേലി ഭാഗത്തേക്കും രണ്ടായി തിരിയും. അയ്യപ്പഭക്തരുടെതടക്കം എരുമേലിയിൽനിന്നും, മുപ്പത്തിനാലാംമൈലിൽ നിന്നും വാഹനങ്ങൾ നേർദിശയിൽ കൂടി എത്തുന്നതോടെ പാലത്തിനു സമീപം ഗതാഗതക്കുരുക്ക് രൂക്ഷമാകും. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവ് സംഭവമാണ്. പാലത്തിന് സമീപം എത്തുമ്പോൾ ദിശബോർഡിന്റെ അഭാവംമൂലം ഡ്രൈവർമാർക്ക് വഴിതെറ്റുന്നതും പതിവാണ്. ഇതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്.

എന്തിന് വൈകണം

എരുമേലിയിൽ നിന്നും കുമളിയിലേക്ക് പോകുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങൾ പാലം കയറിവരുന്ന വാഹനങ്ങളുമായി ഇടിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. മുൻപ് ഇവിടെ സിഗ്നൽ ബോർഡുകൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ പ്രളയത്തിൽ ഇതെല്ലാം തകർന്നു. അടിയന്തരമായി മേഖലയിൽ ദിശാബോർഡുകളും ഡിവൈഡറുകൾ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.