പാലാ: അനുഷ്ഠാനപെരുമയിൽ ആലങ്ങാട്ട് സംഘം ഏഴാച്ചേരി കാവിൻപുറം ക്ഷേത്രത്തിൽ കാണിക്കിഴി സമർപ്പിച്ചു. പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം കാണിക്കിഴി സമർപ്പണത്തിനായി ഇന്നലെ രാവിലെയാണ് കാവിൻപുറത്തെത്തിയത്. സമൂഹപെരിയോൻ അമ്പാടത്ത് എ.കെ. വിജയകുമാർ, ആലങ്ങാട്ട് യോഗപ്രതിനിധികളായ എം.എൻ രാജപ്പൻനായർ, രാജേഷ്‌കുറുപ്പ് പുറയാറ്റികളരി, വെളിച്ചപ്പാടുമാരായ ദേവദാസ് കുറ്റിപ്പുഴ, അജയൻ ആഴകം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ശരണമന്ത്രങ്ങളോടെ ശ്രീകോവിലിന് വലംവച്ച് കാണിക്കിഴി സോപാനത്തിങ്കൽ സമർപ്പിച്ചു. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി വിശേഷാൽ പ്രസാദം ആലങ്ങാട്ട് സംഘത്തിന് നൽകി. ആലങ്ങാട്ട് സംഘം ആനയിച്ചുകൊണ്ടുവന്ന അയ്യപ്പ ചൈതന്യത്തിന് മുന്നിൽ ഭക്തർ നേരിട്ട് നീരാഞ്ജനം സമർപ്പിച്ചു. സമൂഹ നീരാഞ്ജന സമർപ്പണത്തിന് ശേഷം ആലങ്ങാട്ട് പ്രാതലും നടന്നു. ആലങ്ങാട്ട് സംഘത്തെ ദേവസ്വം ഭാരവാഹികളായ റ്റി.എൻ. സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ പുളിക്കൽ, പി.എസ്. ശശിധരൻ, തങ്കപ്പൻ കൊടുങ്കയം, സുരേഷ് ലക്ഷ്മിനിവാസ്, ജയചന്ദ്രൻ വരകപ്പള്ളിൽ, ത്രിവിക്രമൻ തെങ്ങുംപള്ളിൽ, ഗോപകുമാർ, പ്രസന്നൻ കാട്ടുകുന്നത്ത്, ആർ. സുനിൽകുമാർ, ഉമാ ത്രിവിക്രമൻ, രശ്മി അനിൽ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.