 
അടിമാലി : ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിവന്നിരുന്ന മൊബൈൽ മെഡിക്കൽ ഡിസ്‌പെൻസറി വാഹനം കട്ടപ്പുറത്തായി . അവികസതമേഖലകളിൽ എത്തി ചികിൽസ ഉറപ്പാക്കുന്ന ഏറെ ഉപകാരപ്രദമായ പദ്ധതിയാണ് സങ്കേതികത്വത്തിന്റെ പേരിൽ നിലച്ചത്. .വാഹനം തകരാറിലായപ്പോൾ കേട്പാട് തീർക്കാൻ ആരോഗ്യ വകുപ്പിൽ നിന്ന് ഫണ്ട് ലഭ്യമാകാതെ വന്നതോടെ മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടു..മലമുകളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളിലും എത്താനാകുംവിധമുള്ള ജീപ്പായിരുന്നു മെഡിക്കൽ യൂണിറ്റിന് ഉപയോഗിച്ചിരുന്നത്.
ജില്ല മെഡിക്കൽ ഓഫീസറുടെ നിയന്ത്രണത്തിൽ അടിമാലി താലൂക്കാശുപത്രി കേന്ദ്രീകരിച്ചാണ് മൊബൈൽ ഡിസ്‌പെൻസറി പ്രവർത്തിച്ചിരുന്നത്. ജില്ലയുടെ ആദിവാസി കോളനികളിലെത്തി വൈദ്യ സഹായം നൽകിവന്നിരുന്ന യൂണിറ്റ് 3 മാസമായി പ്രവർത്തിക്കുന്നില്ല.
എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന യൂണിറ്റിന് 2021 മാർച്ച് മാസംവരെയാണ് ഫണ്ട് അനുവദിച്ചത്.ഇതിന് ശേഷം ജീവനക്കാർ സ്വന്തം നിലയ്ക്കാണ് മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണവും നടത്തിയത്. ജീവനക്കാർക്ക് വൻ കടബാദ്ധ്യത വന്നതോടെയാണ് യൂണിറ്റിന്റെ പ്രവർത്തനം നിലച്ചത്.
അവികസിത ആദിവാസി സങ്കേതമായ കുറത്തികുടി,മാങ്കുളം,മറയൂർ,കാന്തലൂർ,ചിന്നക്കനാൽ,ബൈസൺവാലി തുടങ്ങിയ പഞ്ചായത്തുകളിലെ ആദിവാസി മേഖലയിലായിരുന്നു ഈ മൊബൈൽ ഡിസ്‌പെൻസറിയുടെ പ്രവർത്തനം കൂടുതൽ സജി വമായിരുന്നത്.
ഒരു ആശുപത്രിപോലെ
ഒരു ആശുപത്രിക്ക് സമാനമായാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. ഒരു ഡോക്ടർ,നഴ്‌സ്,ഫാർമസിസ്റ്റ്,നഴ്‌സിംഗ് അസിസ്റ്റന്റ്,ഡ്രൈവർ ഉൾപ്പെടെ 5 ജീവനക്കാരാണ് മൊബൈൽ യൂണിറ്റിലുള്ള ത്.സെപ്തംബർ വരെ മികച്ച നിലയിലാണ് പ്രവർത്തിച്ചിരുന്നതെങ്കിലും പിന്നീട് അവതാളത്തിലാകുകയായിരുന്നു. ആദിവാസികളുടെ ഇടയിൽ കൊവിഡ് പടർന്ന് പിടിച്ചപ്പോൾ ഫലപ്രദമായി പ്രവർത്തിച്ചതും മൊബൈൽ ഡിസ്‌പെൻസറിയായിരുന്നു.3500 ലേറെ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ സംഘം 1500 ലേറെ കൊവിഡ് രോഗികൾക്ക് ചികിത്സ നടത്തി പ്രശംസ പിടിച്ച്പറ്റിയിരുന്നു.